സി.പി.എം വീണ്ടും പ്രതിരോധത്തില്‍; ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വിയര്‍ക്കും

തിരുവനന്തപുരം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ ഹൈക്കോടതിയെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സുപ്രധാന വിധി പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോടതിയുടെ നിരീക്ഷണങ്ങള്‍ പലതും ഭരണകക്ഷിയായ സി.പി.എമ്മിന്റെ തലക്കടിക്കുന്ന രൂപത്തിലുള്ളതാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്‍ ടി.പി. ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ചത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.

ഇപ്പോള്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം നില്‍ക്കെയായിരുന്നു ഹൈക്കോടതിയുടെ പെരിയ കൊലക്കേസിലുള്ള സുപ്രധാനമായ വിധി. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിലൊരുപക്ഷേ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുമായിരിക്കും. എന്നാലും ജനകീയ കോടതിയില്‍ ഇപ്പോഴും എപ്പോഴും പെരിയ കൊലക്കേസില്‍ സി.പി.എം പ്രതിസ്ഥാനത്തുതന്നെയാണ്.

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതല്ല. പ്രതികള്‍ പോലീസിനുമുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്നായിരുന്നു ഹൈക്കോടതി ഈ കേസില്‍ നിരീക്ഷിച്ചത്. കേസിലെ ഗൂഢാലോചനയുടെ ഉന്നത കേന്ദ്രങ്ങളെക്കുറിച്ചും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. തല്‍ക്കാലം ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി മുഖം മറയ്ക്കാന്‍ ശ്രമിച്ചാലും സി.പി.എമ്മിനും മുഖ്യമന്ത്രി പിണറിയ വിജയന്റെയും മുഖത്തേറ്റ കടുത്ത പ്രഹരമാണ് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ്. മറ്റൊരു പ്രധാന കേസായ ശുഹൈബ് വധക്കേസിലും ആദ്യം പാര്‍ട്ടിക്ക് പങ്കില്ലെന്ന് നിഷേധിച്ച സി.പി.എം നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം പിന്നീട് പ്രമുഖരായ അഭിഭാഷകരെ ലക്ഷക്കണക്കിന് രൂപ ഫീസ് ഖജനാവില്‍ നിന്ന് നല്‍കിയാണ് പിണറായി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ പ്രതിരോധിച്ചത്. എന്തായാലും പെരിയ കേസിലുള്ള വിധി കുറേക്കാലം സി.പി.എമ്മിനെയും പിണറായി സര്‍ക്കാരിനെയും വേട്ടയാടുമെന്ന് ഉറപ്പാണ്.

Comments (0)
Add Comment