വിശ്വാസികളുടെ സംഗമവേദിയായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയം

Jaihind Webdesk
Thursday, November 15, 2018

Mahasangamam-1

വിശ്വാസികളുടെ സംഗമഭൂമിയായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയം. വിശ്വാസം സംരക്ഷിക്കാൻ വർഗീയതയെ തുരത്താൻ എന മുദ്രാവാക്യവുമായി കെ.പി സി.സി സംഘടിപ്പിച്ച പ്രചരണ ജാഥകളുടെ സംഗമവേദിയാണ് പത്തനംതിട്ടയെ ആവേശക്കടലാക്കി മാറ്റിയത്.

5 മേഖലകളിൽ നിന്നായി ആരംഭിച്ച കാൽനട വാഹന പ്രചരണ ജാഥകളാണ് പത്തനംതിട്ടയിൽ സംഗമിച്ച് സമാപിച്ചത്. കെ.പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി, രാഷ്ട്രീയകാര്യസമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എന്നിവർ നയിച്ച കാൽനട പ്രചരണ ജാഥകളും കെ.പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ, രാഷ്ട്രീയ കാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ എന്നിവർ നായകരായ വാഹന പ്രചരണ ജാഥകളുമാണ് പത്തനംതിട്ടയെ ആവേശക്കടലാക്കി പരിസമാപിച്ചത്. 6 മണിയോടെയാണ് വിവിധ ഇടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥകൾ കെ.കെ നായർ സ്റ്റേഡിയത്തിലെത്തിയത്.

ആദ്യം ആരംഭിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ നയിച്ച വാഹനജാഥ തന്നെയായിരുന്നു മഹാ സംഗമ വേദിയിലേക്ക് ആദ്യമെത്തിയതും. മുദ്രാവാക്യങ്ങളും മൂവർണക്കൊടികളും താളമേളവാദ്യങ്ങളും ഉച്ചസ്ഥായിയിലെത്തിയപ്പോൾ പത്തനംതിട്ട ഇതുവരെ കാണാത്ത ചരിത്ര മുഹൂർത്തമായി സംഗമവേദി മാറി.

ഒന്നിനു പുറകെ ഒന്നായി ജാഥകൾ എത്തിയതോടെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും വിശ്വാസികളെയും കൊണ്ട് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.
അവസാനമെത്തിയ ജാഥയുടെ നായകൻ തിരുവഞ്ചൂർ രാധാകൃഷ്ണനെയും പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലേക്കാനയിച്ചത്.

ജാഥാനായകരെയും കോൺഗ്രസ് നേതാക്കളെയും ത്രിവർണപുഷ്പഹാരമണിയിച്ചാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച ധാർഷ്ട്യ നിലപാടിനും ബിജെപിയുടെ വർഗീയ നിലപാടിന്നുമെതിരായ ശക്തമായ പ്രഹരമായി മഹാസംഗമം മാറുകയായിരുന്നു.