പറശിനിക്കടവ് പീഡനം: DYFI നേതാവിന്‍റെ അറസ്റ്റില്‍ പ്രതിരോധത്തിലായി സി.പി.എം

Jaihind Webdesk
Thursday, December 6, 2018

Rape-Accused

കണ്ണൂർ പറശിനിക്കടവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കസ്റ്റഡിയിലുള്ള ഡി.വൈ.എഫ്.ഐ ആന്തൂർ മേഖലാ സെക്രട്ടറി നിഖിൽ തളിയിലിന്‍റെയും, പെൺകുട്ടിയുടെ പിതാവിന്‍റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പാർട്ടി ശക്തികേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് ബലാത്സംഗ കേസിൽ കുടുങ്ങിയതിനെ തുടർന്ന് സി.പി.എം കടുത്ത പ്രതിരോധത്തിൽ.

പറശിനിക്കടവിലെ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
പീഡിപ്പിച്ചെന്ന കേസിലാണ് തളിപ്പറമ്പ് പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് DYSP കെ.വി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആകെ 15 കേസുകളിലായി പെൺകുട്ടിയുടെ പിതാവുൾപ്പെടെ 19 പ്രതികളാണുള്ളത്. 8 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛനെ കൂടാതെ ഡി.വൈ.എഫ്.ഐ ആന്തൂർ മേഖലാ സെക്രട്ടറി നിഖിൽ തളിയിൽ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വൈശാഖ്, മിഥുൻ, മൃദുൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

തളിപ്പറമ്പ് പോലീസ് കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്.
ലോഡ്ജിന് പുറമെ ചില വീടുകളിൽ വെച്ചും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. ഡി.വൈ.എഫ്.ഐ ആന്തൂർ മേഖലാ കമ്മിറ്റി സെക്രട്ടറിയായ നിഖിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. ഇതേതുടർന്നാണ് ഡി.വൈ.എഫ്.ഐ നേതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

വളപട്ടണം പോലീസ് സ്റ്റേഷനിൽ അഞ്ചും പഴയങ്ങാടിയിൽ രണ്ടും എടക്കാട് കുടിയാന്മല എന്നിവിടങ്ങളിൽ ഓരോ കേസുമാണ് നിലവിലുള്ളത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച സംഭവം പുറത്തുവന്നപ്പോൾ ലോഡ്ജ് ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയവരാണ് നിഖിൽ ഉൾപ്പടെയുളള ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകനും കസ്റ്റഡിയിലുണ്ട് എന്നാൽ ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ നടന്ന പീഡനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും നേതാക്കളും പ്രതിയായത് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. കസ്റ്റഡിയിലുള്ള നിഖിൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം മാത്രമാണെന്ന വിശദീകരണവുമായി ഡി.വൈ.എഫ്.ഐ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.[yop_poll id=2]