തടയണ പൊളിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; പി.വി അന്‍വർ എം.എല്‍.എക്കെതിരെ പരാതി

Thursday, June 27, 2019

P.V Anwar

ഭാര്യാ പിതാവിന്‍റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുന്ന ഉദ്യോഗസ്ഥരെ  പി.വി അന്‍വര്‍ എം.എല്‍.എ  ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്  എം.പി വിനോദ് പരാതിയുമായി രംഗത്തെത്തി. കോടതി വിധിയനുസരിച്ചല്ല തടയണ പൊളിച്ചുനീക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുന്ന സ്ഥലത്ത് മിന്നല്‍ സന്ദര്‍ശനം നടത്തി  പി.വി അന്‍വര്‍ എം.എല്‍.എ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടിയെന്നാണ്  ആരോപണം. തടയണ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ പി.വി അന്‍വര്‍, ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന ഭീഷണിയും മുഴക്കി. നിലവില്‍ പൊളിക്കുന്ന ഭാഗത്തുനിന്നല്ല മണ്ണ് നീക്കേണ്ടിവരുന്നതെന്നും നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തടണ പൊളിക്കുന്നതെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച പ്രകാരമാണ് പ്രവൃത്തി തുടരുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതോടെയാണ് സുപ്രീം കോടതിയില്‍ പോകുമെന്നും ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എം.എല്‍.എ വിരട്ടിയതെന്നാണ്  പരാതിക്കാരനായ എ.പി വിനോദിന്‍റെ ആരോപണം. കോടതിവിധി അനുസരിച്ചല്ല തടയണ പൊളിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വിനോദ് വ്യക്തമാക്കി.

അതേസമയം തടയണ സമയബന്ധിതമായി പൊളിച്ചു നീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലെങ്കിൽ കൂടുതൽ സമയത്തിനായി കോടതിയെ സമീപിക്കുമെന്നും മലപ്പുറം ജില്ലാ കലക്ടർ പറഞ്ഞു.