കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ പരാതിയുമായി ഓര്‍ത്തഡോക്സ് സഭ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഭയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ പരാതി നല്‍കിയത്. ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്കാ ബാവയുടെ ഔദ്യോഗിക ചിഹ്നവും ഫോട്ടോയും കെ സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനുവേണ്ടി കാതോലിക്കാ ബാവയുടെ ചിത്രം വെച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി.ജെ.പി ഉപയോഗിച്ചത് നിയമപരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ പരാതി നല്‍കിയത്. സഭാ വിശ്വാസികളുടെ പ്രതിനിധിയായി എബ്രഹാം കോശി എന്നയാളാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ക്രിസ്ത്യന്‍ ഗാനത്തിന്‍റെ ഈണത്തില്‍ കെ സുരേന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഒരുക്കിയതും വിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. സഭാവ്യത്യാസമില്ലാതെ വിശ്വാസികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം ഒരുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ വാര്‍ത്താക്കുറിപ്പിറക്കിയോടെ ബി.ജെ.പി വെട്ടിലായി. സഭാ നേതൃത്വം വിശ്വാസികള്‍ക്ക് മുകളില്‍ ഒന്നും അടിച്ചേല്‍പിക്കുന്നില്ലെന്നും നെല്ലും പതിരും തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാന്‍ വിശ്വാസികള്‍ക്ക് കഴിവുണ്ടെന്നും സഭ വ്യക്തമാക്കി. ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചിഹ്നവും ഭക്തി ഗാനവും ദുരുപയോഗപ്പെടുത്തിയതിന് വിശദീകരണം നല്‍കേണ്ട അവസ്ഥയിലാണ് ബി.ജെ.പി. അതേസമയം പോസ്റ്ററിന് പിന്നില്‍ സി.പി.എം സൈബര്‍ സഖാക്കളാണെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ വിശദീകരണം.
https://www.youtube.com/watch?v=cN7IPF_lrSg