ടി.പിയുടേത് പാർട്ടി കോടതി നടപ്പാക്കിയ വിധി: മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; പ്രതിഷേധം ശക്തം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

 

തിരുവനന്തപുരം: കെ.കെ രമ എംഎൽഎയ്ക്ക് എതിരായ പരാമർശത്തിൽ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം ശക്തമാക്കി. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കുകയും നിയമസഭാ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു.

കെ.കെ.രമ എംഎൽഎയെ അപമാനിച്ച് ധനാഭ്യർത്ഥന ബില്ലിൽ എം.എം മണി നടത്തിയ പരാമർശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എം മണിയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാർട്ടി കോടതിയുടെ വിധിയാണ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

എം.എം മണിയെ ന്യായീകരിച്ച് നിയമ മന്ത്രി പി രാജീവ് രംഗത്തെത്തി. മണിയുടേത് സ്ത്രീ വിരുദ്ധ പരാമർശം അല്ലെന്നായിരുന്നു പി രാജീവിന്‍റെ നിലപാട്. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കർ എംബി രാജേഷ് വിഷയത്തിൽ ഇടപെട്ടു. അൺപാർലമെന്‍ററി പരാമർശങ്ങൾ പിന്നീട് പരിശോധിച്ച് നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.

സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കുകയും നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭാ കവാടത്തിലും പ്രതിഷേധം നടത്തി.

Comments (0)
Add Comment