‘ടി വി രാജേഷ് കൊലക്കേസ് പ്രതി’, ഷുക്കൂര്‍ വധക്കേസില്‍ സഭയില്‍ പ്രതിപക്ഷ ബഹളം

Jaihind Webdesk
Tuesday, February 12, 2019

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ് അംഗങ്ങള്‍.

എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കര്‍ പറഞ്ഞു.

ഇതോടെ സഭയില്‍ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്‍എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്‍പ്രതിപക്ഷം കോടതി നടപടികള്‍ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നില്‍ക്കുകയാണ്. തുടര്‍ന്ന് പ്രതിഷേധവുമായി സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്‍.