നിയമോൾക്ക് ആശ്വാസവുമായി ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി. ഡൽഹിയിൽ
ഉള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമോളുടെ അച്ഛൻ രാജേഷുമായി ഫോണിൽ സംസാരിച്ചു. ഒരാഴ്ച കഴിഞ്ഞ് കേരളത്തിൽ എത്തിയാൽ നിയമോളെ വിളിക്കുമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്ത് തരാമെന്നും ഉമ്മൻ ചാണ്ടി നിയമോളുടെ അച്ഛൻ രാജേഷിനോട് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലുള്ള ഉമ്മൻ ചാണ്ടിയോട് ചാണ്ടി ഉമ്മനാണ് നിയമോളുടെ സങ്കടകരമായ വാർത്ത ശ്രദ്ധയിൽപ്പെടുത്തിയതും നിയമോളുടെ അച്ഛന്‍റെ മൊബൈൽ നമ്പർ നൽകിയതും. തുടർന്ന് ഉച്ചയോടെയാണ് ഉമ്മൻ ചാണ്ടി എന്ന ജനനായകൻ നിയമോളുടെ അച്ഛനുമായി സംസാരിച്ചത്. നിയമോളുടെ സങ്കടം അച്ഛന്‍റെ വാക്കിലൂടെ ശ്രദ്ധയോടെ കേട്ട ഉമ്മൻ ചാണ്ടി അടുത്ത ആഴ്ച കേരളത്തിൽ എത്തിയാൽ വീണ്ടും വിളിക്കാമെന്നും നിയമോൾക്ക് വേണ്ടത് ചെയ്യാമെന്നും രാജേഷിനോട് പറഞ്ഞു.
ചാലയിലെ അമ്മയുടെ വീട്ടിലാണ് നിയമോൾ ഉള്ളത്. ഉമ്മൻ ചാണ്ടി ഫോൺ വിളിക്കുമ്പോൾ അച്ഛൻ രാജേഷ് കണ്ണൂരിലെ തൊഴിൽ സ്ഥലത്തായിരുന്നു. നിറകണ്ണുകളോടെയാണ് ഉമ്മൻ ചാണ്ടി പറഞ്ഞ കാര്യങ്ങൾ കേട്ടതെന്ന് രാജേഷ് പറഞ്ഞു. കണ്ണൂര്‍ പെരളശേരി സ്വദേശി രാജേഷ് മകളോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുംവഴിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ മകളായ ജന്മനാ കേള്‍വിയില്ലാത്ത രണ്ട് വയസ്സുകാരി നിയശ്രീ ഉപയോഗിച്ചിരുന്ന ശ്രവണ ഉപകരണങ്ങള്‍ നഷ്ടമായത്. രണ്ടാം തിയതി രാവിലെ 9.30ന് ചെന്നൈ- എഗ്മോര്‍ എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. നഷ്ടമായ ഉപകരണങ്ങള്‍ തിരികെ കിട്ടിയാല്‍ വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷിന്‍റെ മൊബൈല്‍ നമ്പര്‍ 9847746711 സഹിതമുള്ള അപേക്ഷ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റുകള്‍ വൈറലായെങ്കിലും ആ ബാഗ് തിരിച്ചുകിട്ടിയിട്ടില്ല. തിരിച്ചുകിട്ടുമെന്ന് ഇനിയും പ്രതീക്ഷയില്ലാതെയാണ് ഈ കുടുംബം. പുതിയത് വാങ്ങാന്‍ നാല് ലക്ഷത്തോളം രൂപ വേണം. ഈ വാര്‍ത്ത അറിഞ്ഞാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജേഷിനെ വിളിച്ചത്.
കൂടുതല്‍ അറിയാന്‍ : സന്‍മനസ്സുള്ളവരേ ഇനി നിങ്ങളിലാണ് പ്രതീക്ഷ; നിയ മോള്‍ക്ക് കേള്‍ക്കണം