കെ.എസ്.യു നിരാഹാരസമരം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു; “കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു”

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങള്‍ക്കും പരീക്ഷ തട്ടിപ്പുകള്‍ക്കും ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍ , അസ്ലം, ജെ എസ് അഖില്‍, ജോബിന്‍, മാത്യു കെ ജോണ്‍ എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. ശിവരഞ്ജിതിന്റെ വീട്ടില്‍നിന്നും യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ എസ് യൂ വിന്റെ ആവശ്യം.
കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടണമെന്നും രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങള്‍ ഈ സമരത്തെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു.  വി എസ് ശിവകുമാര്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിങ്കര സനല്‍ എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment