‘ജനങ്ങളോടൊപ്പമായിരുന്നു എന്‍റെ ജീവിതം, ഇനിയും അത് തുടരും’; നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി

Jaihind Webdesk
Monday, September 20, 2021

തിരുവനന്തപുരം: അരനൂറ്റാണ്ടുകാലം തന്നെ നെഞ്ചോടു ചേർത്ത കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങളോടൊപ്പമായിരുന്നു തന്‍റെ ജീവിതം ഇനിയും അത് തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭാ പ്രവേശന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

‘എന്‍റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. അര നൂറ്റാണ്ടിലധികമായി നീണ്ട അഭേദ്യവും വിസ്മയകരമായ ബന്ധമാണ് പുതുപ്പള്ളിയുമായുള്ളത്. ഈ അവസരത്തിൽ പുതുപ്പള്ളിയിലെ ജനങ്ങളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

മഹാമാരിക്കാലത്ത് ആഘോഷങ്ങൾ ഒഴിവാക്കിയാണ് അഭ്യുദയകാംക്ഷികൾ പരിപാടികൾ സംഘടിപ്പിച്ചത്.
ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി പരിപാടിയുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ
സഹപ്രവർത്തകരുടെ ആത്മാർഥമായ സഹകരണത്തോടെ ചെയ്യാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യം പകരുന്നു. ഒപ്പം നിന്ന എല്ലാ സഹപ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി’- ഉമ്മൻ ചാണ്ടി കുറിച്ചു.