പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: ഉമ്മന്‍ചാണ്ടി

പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ എന്തിന് മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വപ്പെട്ട ജോലി നിര്‍വഹിക്കുന്ന ആളായിരുന്നു മുഹമ്മദ് റഫീഖ്. അഞ്ച് ദിവസമാണ് അദ്ദേഹം ചുമതലയിലുണ്ടായിരുന്നത്. എല്ലാവരുടെയും മൊഴി എടുക്കല്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് എത്തുമെന്ന് കണ്ടാണ് എസ്.പിയെ മാറ്റിയത് എന്ന ആരോപണം സജീവമാണ്.

ആദ്യം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞവര്‍ പിന്നീട് പ്രാദേശിക പ്രശ്നമെന്ന് പറഞ്ഞു. തുടര്‍ന്ന് ഭരണനേതൃത്വം പോലും വിഷയത്തില്‍ ഇടപെടുന്ന സാഹചര്യവും കണ്ടു. സുതാര്യമായ അന്വേഷണം നടക്കാത്തത് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥയാണ്.

https://www.facebook.com/JaihindNewsChannel/videos/371455180357409/

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കള്‍ കാസര്‍ഗോഡ് എത്തിയത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. കൊലചെയ്തവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ അജണ്ട. അവസാനത്തെ രാഷ്ട്രീയകൊലപാതകമാവണം പെരിയയിലേതെന്നും ഇതിനായി രക്തസാക്ഷികളുടെ കുടുംബത്തോടും ജനങ്ങളോടുമൊപ്പം ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കൊപ്പം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, പി.ടി തോമസ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഹക്കിം കുന്നേല്‍ തുടങ്ങിയ നേതാക്കളും കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു.

Periya Murder caseoommen chandy
Comments (0)
Add Comment