അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ ഇന്ധനവില കൂട്ടിയ നടപടി ക്രൂരം: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, March 14, 2020

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 33 ഡോളറിലേക്കു കൂപ്പുകുത്തിയപ്പോള്‍ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ക്രൂരമായിപ്പോയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിലുള്ള എക്‌സൈസ് നികുതി ചുമത്തി 39,000 കോടി രൂപ അധികം സമാഹരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഷൈലോക്കിനെപ്പോലെയാണ് പെരുമാറുന്നത്.

2014ല്‍ യുപിഎ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്നു പെട്രോളിന് 74.33 രൂപയും ഡീസലിന് 60.77 രൂപയുമായിരുന്നു വില. ഇന്ന് അസംസ്‌കൃത എണ്ണയുടെ വില 33 ഡോളറായി ഇടിഞ്ഞെങ്കിലും പുതുക്കിയ എക്‌സൈസ് നികുതി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ പെട്രോളിന് 76.07 രൂപയും ഡീസലിന് 70.34 രൂപയുമാണ് വില. അസംസ്‌കൃത എണ്ണയുടെ വില പരിഗണിച്ചാല്‍ പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നു വിലയേ ഈടാക്കാവൂ എന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോള്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയ്ക്കുകയാണ് പതിവ്. എന്നാല്‍ അതിനു കടകവിരുദ്ധമായി മോദി സര്‍ക്കാര്‍ വില കൂട്ടുകയാണു ചെയ്തത്. കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ ഇതിനെതിരേ പ്രതികരിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം ഈ കടുംകൈ ചെയ്തത്. ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുകയും മഹാമാരി അവരുടെ ജീവിതത്തെ വല്ലാതെ ഞെരുക്കുകയും ചെയ്യുമ്പോള്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറച്ച് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമാശ്വാസം പകരേണ്ടതായിരുന്നു.

യുപിഎ സര്‍ക്കാര്‍ പ്രതിവര്‍ഷം 1,25,000 കോടി രൂപ സബ്‌സിഡി നല്കിയാണ് എണ്ണവില നിയന്ത്രിച്ചിരുന്നത്. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 12 രൂപയുമാണ് സബ്‌സിഡി നല്കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 11 രൂപയായിരുന്നത് മോദി സര്‍ക്കാരിന്‍റെ കാലത്ത് 22.98 രൂപയായി കുതിച്ചുയര്‍ന്നു. ഡീസലിന്‍റെ എക്‌സൈസ് നികുതി യുപിഎയുടെ കാലത്ത് 5.10 രൂപയായിരുന്നത് ഇപ്പോള്‍ 18.83 രൂപയുമായി.

കേരളത്തില്‍ 2011-16 കാലയളവില്‍ 4 തവണ ഇന്ധനവില ഉയര്‍പ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വയ്ക്കുകയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. 619.17 കോടി രൂപയുടെ ആനുകൂല്യം യുഡിഎഫ് സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങള്‍ക്ക് നല്കുയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല.

ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ എക്‌സൈസ് തീരുവ കൂട്ടിയ നടപടി പിന്‍വലിക്കുകയും അസംസ്‌കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കുകയും ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.