സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരണം ; കണക്കുകള്‍ നിരത്തി മറുപടിയുമായി ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്ഷേപങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മറുപടി പറയുകയാണ് അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്

2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.
ഉത്തരം:  2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500, മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.

ആക്ഷേപം രണ്ട് 

മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.

ഉത്തരം: മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.

ആക്ഷേപം മൂന്ന് :

2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഉത്തരം: 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, കംപ്യൂട്ടര്‍ അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.
സത്യമേവ ജയതേ!! –അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

https://www.facebook.com/oommenchandy.official/photos/a.10153334249476404/10158132995796404/

Comments (0)
Add Comment