സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ഇടതുസര്‍ക്കാരിന്‍റെ പിആര്‍ പരിപാടികള്‍; യുഡിഎഫ് കാലത്ത് ഉപയോഗിച്ചത് സര്‍ക്കാര്‍ ഏജന്‍സികളെ; സിപിഎം പുകമറ സൃഷ്ടിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, June 13, 2020

Oommen-Chandy

 

സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പരിപാടികളെ യുഡിഎഫിന്‍റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്  നടത്തിയ പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സി-ഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്വകാര്യ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ചു ഇടതുസര്‍ക്കാര്‍ നടത്തുന്ന പബ്ലിക് റിലേഷന്‍സ് പരിപാടികളെ യുഡിഎഫിന്റെ കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളായ പിആര്‍ഡിയെയും സിഡിറ്റിനെയും ഉപയോഗിച്ച് നടത്തിയ സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടികളുമായി കൂട്ടിക്കെട്ടി പുകമറ സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം സര്‍ക്കാര്‍ ഏജന്‍സികളെയല്ലാതെ മറ്റാരേയും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. 12 ചാനലുകളില്‍ പ്രതിവാരം സംപ്രേക്ഷണം ചെയ്യാന്‍ 10 ലക്ഷം രൂപയാകും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിആര്‍ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു വലിയ സാമ്പത്തിക ബാധ്യതയുള്ള പരിപാടിയായി മാറിയത്. പാര്‍ട്ടിയുമായി ബന്ധമുള്ള കോഴിക്കോട്ടെയും എറണാകുളത്തെയും സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്ക് കോടികള്‍ നല്കിയിട്ടുണ്ട്.

ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ പിആര്‍ വര്‍ക്കിനുവേണ്ടി സിഡിറ്റ് മുഖാന്തിരം 62 അംഗ സംഘത്തെ നിയമിച്ചുവെന്നും അവര്‍ക്ക് 3.5 കോടി രൂപ ചെലഴിച്ചുവെന്നുമുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. തങ്ങളുടെ ജോലിയുടെ ഭാഗമായി സിഡിറ്റ് ജീവനക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കി. വേറെ ആരെയും ഇതിനായി നിയമിച്ചില്ല. ടീമിലെ 70ശതമാനം ജീവനക്കാരും സിഐടിയു യൂണിയന്‍ അംഗങ്ങളായിരുന്നു. ഇവരുടെയും സെക്രട്ടേറിയറ്റില്‍ ക്രമീകരിച്ച പരാതി പരിഹാര സെല്ലിലെ ജീവനക്കാരുടെയും രണ്ടു വര്‍ഷത്തെ ശമ്പളമാണ് 3.5 കോടി രൂപ.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ട്രീമിംഗ് എന്നിവക്കായി 6 പേരെ നിയമിച്ചു എന്ന ആരോപണവും തികച്ചും അടിസ്ഥാനരഹിതം. സിഡിറ്റിലെ വെബ്‌സര്‍വീസസ് വകുപ്പിലെ ജീവനക്കാരായ 6 പേരെ മേല്‍പറഞ്ഞ ജോലികള്‍ക്കായി പുനര്‍വിന്യസിക്കുക മാത്രമാണ് ചെയ്തത്. പുതുതായി ആരെയും നിയമിച്ചില്ല. അതേസമയം, ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകികയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്നത്. ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്.

മുഖ്യമന്ത്രിയിടെ വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് എന്നിവക്കായി 5 കോടി രൂപയുടെ ചെലവ്, 5 വര്‍ഷത്തേക്കുള്ള വെബ്‌സൈറ്റ്, ലൈവ് സ്ര്ടീമിംഗ് ഇതിനുവേണ്ടുന്ന സെര്‍വര്‍ എന്നിവയുള്‍പ്പെടെ പരിപാലിക്കുന്നതിനുള്ള സാങ്കേതിക ചെലവാണ്. പൊതുഭരണവകുപ്പും ഐടി വകുപ്പും പിആര്‍ഡിയുടെ ഉന്നതതല മോനിട്ടറിംഗ് കമ്മിറ്റിയും അംഗീകരിച്ച തുകയാണിത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഈ പദ്ധതി ഉപേക്ഷിച്ചു.

മുന്‍ മൂഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് 808.78 കോടി രൂപ വിതരണം നടത്തിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മെയ് 28ന് മറുപടി നല്കിയിട്ടുണ്ട്. ഓഖി, രണ്ടു പ്രളയം എന്നിവയില്‍ ദുരിതം അനുഭവിച്ചവര്‍ക്കു നല്കിയ ധനസഹായം ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്ക് പുറത്തുവിടുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 244 കോടി രൂപ വിതരണം ചെയ്‌തെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ജനസമ്പര്‍ക്ക പരിപാടി വെറും ദുരിതാശ്വാസ വിതരണ പരിപാടി മാത്രമായിരുന്നില്ലെന്ന് ഇതോടനുബന്ധിച്ചു പുറത്തിറക്കിയ 45 സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നു.