കവളപ്പാറയിൽ തിരച്ചിൽ തുടരുന്നു; ഇന്ന് ഒരു മൃതദേഹം കണ്ടെത്തി; 12 പേര്‍ ഇനിയും കാണാമറയത്ത്

Jaihind News Bureau
Tuesday, August 20, 2019

Kavalappara-search-oprs

മണ്ണിടിച്ചിലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ തിരച്ചിൽ തുടരുകയാണ്. ഒരു മൃതദേഹമാണ് ഇന്ന് കണ്ടെത്താനായത്. ഇതോടെ കവളപ്പാറയിലെ മരണസംഖ്യ 47 ആയി. 12 പേർ ഇപ്പോളും മണ്ണിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന.

പതിനാറ് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് കവളപ്പാറയിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഉരുൾപ്പൊട്ടലിൽ കവളപ്പാറ തോട് ഗതിമാറി ഒഴുകിയ പ്രദേശങ്ങളിലുൾപ്പെടെയാണ് തിരച്ചിൽ നടത്തുന്നത്. ഇന്നലത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താനായിരുന്നില്ല. രക്ഷാ പ്രവർത്തനം ആരംഭിച്ച ശേഷം ഇതാദ്യമായിട്ടായിരുന്നു  ഒരു ദിവസം നീണ്ട തിരച്ചിലിൽ ആരേയും കണ്ടെത്താനാകാതെ വന്നത്. ഇത് ആശങ്കയുണ്ടാക്കുകയും ചെയ്തിരുന്നു. തിരച്ചിലിനു സഹായിക്കാനെത്തിയ ജി.പി.ആർ സംവിധാനം ആദ്യ ദിവസം തന്നെ വിഫലമായിരുന്നു. മണ്ണിൽ ജലാംശത്തിന്‍റെ അളവ് കൂടെയതാണ് ജി.പി.ആർ ഉപയോഗിച്ചുള്ള തിരച്ചി വേണ്ടത്ര ഗുണം ചെയ്യാതിരുന്നത്.

അതേ സമയം, മലപ്പുറം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 9 ആയി കുറഞ്ഞു.376 കുടുംബങ്ങളിൽ നിന്നായി 1214 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. നിലമ്പൂർ താലൂക്കിൽ അഞ്ചും, ഏറനാട്,പൊന്നാനി താലൂക്കുകളിൽ രണ്ടു വീതം ക്യാമ്പുകളുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്..