കശ്മീരില്‍ നിരോധനാജ്ഞ; മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലിൽ; സുരക്ഷാതലവന്‍മാരുമായി അമിത്ഷായുടെ കൂടിക്കാഴ്ച

Jaihind Webdesk
Monday, August 5, 2019

ജമ്മു-കശ്മീര്‍: അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ശ്രീനഗറിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉത്തരവിന് പിന്നാലെ പൊതുജന സഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഏതെങ്കിലും തരത്തിലുള്ള യോഗങ്ങളോ റാലികളോ നടത്തുന്നതിനും ഉത്തരവ് പിൻവലിക്കുന്നതുവരെ വിലക്കുണ്ട്.

അതേസമയം ഇന്ന് രാവിലെ  9.30ന് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നിര്‍ണായക മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജമ്മു-കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള ശ്രമം നടത്തുകയാണെന്നും അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. വിവിധ സുരക്ഷാസേന തലവന്‍മാരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ഇന്‍റലിജന്‍സ് ബ്യൂറോ ചീഫ് അരവിന്ദ് കുമാര്‍ എന്നിവരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

ഞായറാഴ്ച അർധരാത്രിയാണ് ജമ്മു-കശ്മീർ സർക്കാർ ശ്രീനഗറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്ന് പുലർച്ചെ മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. ഞായാഴ്ച വൈകിട്ടോടെ തന്നെ ശ്രീനഗറിൽ മൊബൈൽ ഇന്‍റർനെറ്റും കേബിൾ ടി.വി സർവീസും വിഛേദിച്ചിരുന്നു. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയായിരുന്ന ഈ നീക്കം.

പൊതുജനങ്ങൾക്ക് ഇറങ്ങി നടക്കുന്നതിനും നിയന്ത്രണമുണ്ട്. വിവിധ പ്രദേശങ്ങളിൽ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. ഉത്തരവ് പിൻവലിക്കുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങളും അടഞ്ഞുകിടക്കും.

ജമ്മുവിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസുകൾ വിഛേദിച്ചതായി ജമ്മു സോൺ ഐ.ജി വ്യക്തമാക്കി. മുൻകരുതലിന്‍റെ ഭാഗമായി സ്‌കൂളും കോളേജും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജമ്മു, ഉദ്ധംപൂർ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണർമാർ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അറിയിച്ചിട്ടുണ്ട്.