കൊവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂർ ആംബുലൻസിൽ ; തൃശൂരില്‍ 78കാരി മരിച്ചു

Jaihind Webdesk
Wednesday, April 28, 2021

 

തൃശൂർ : കൊവിഡ് ഐസിയു കാത്ത് 4 മണിക്കൂർ ആംബുലൻസിൽ കഴിയേണ്ടി വന്ന വയോധിക ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച്  വൈകാതെ മരിച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ (78) യാണ് ഇന്നലെ പുലർച്ചെ മരിച്ചത്.

ശ്വാസതടസ്സത്തെ തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു കൊവിഡ് സ്ഥിരീകരിച്ചത്. ഉടന്‍ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്ന് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴിയാണു കൊവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം അറിയുന്നത്. രാത്രി 12.05ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ആറോടെ മരിച്ചു.