മുരളീധരന്‍ ശക്തനായ പ്രതിയോഗി, രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ് ; കുമ്മനത്തെ ഒപ്പമിരുത്തി രാജഗോപാല്‍

തിരുവനന്തപുരം : നേമം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ പ്രകീര്‍ത്തിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. മുരളീധരന്‍ ശക്തനായ പ്രതിയോഗിയാണ്. സാക്ഷാല്‍ കരുണാകരന്റെ മകനാണ് അദ്ദേഹം, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരനെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു  രാജഗോപാലിന്റെ പ്രതികരണം.

അതേസമയം നേമത്തെ സസ്‌പെന്‍സിന് വിരാമമിട്ട് കെ.മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമ്പോള്‍, ബിജെപി സിപിഎം കേന്ദ്രങ്ങളില്‍ ഭയത്തിന്‍റെ ലാഞ്ചനകള്‍ വീശിക്കഴിഞ്ഞു. 1977 മുതല്‍ 1987 വരെ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം. 87 ല്‍ സിപിഎമ്മിലേക്ക് പോയെങ്കിലും 2001 ല്‍ ശക്തന്‍ നാടാരിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. നിലവില്‍ ബിജെപിയുടെ സംസ്ഥാനത്തെ ഏക മണ്ഡലമാണ് നേമം.
ബിജെപിയുടെ മണ്ഡലം പിടിച്ചെടുത്തു വര്‍ഗീയതക്കെതിരെ ശക്തമായ സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി കോണ്‍ഗ്രസ് തെരെഞ്ഞെടുത്ത ശക്തനായ മത്സരാര്‍ത്ഥിയാണ് കെ മുരളീധരന്‍.

നേരത്തെ വട്ടിയൂര്‍കാവ് വിട്ട് വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ മുരളീധരന്‍ ഉണ്ടാക്കിയ ഓളവും ഊര്‍ജവും ചെറുതായിരുന്നില്ല. കെ കരുണാകരന്‍ 1982 ല്‍ മത്സരിച്ചു വിജയിച്ച മണ്ഡലമായ നേമത്ത് മകന്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നുവെന്നതും പ്രത്യേകതയാണ്. മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും കോണ്‍ഗ്രസിന് വലിയ നേട്ടമാകും. മുരളീധരന്‍ എത്തുന്നതിന്റെ ആവേശവും പ്രതീക്ഷകളും മണ്ഡലത്തില്‍ വാനോളമാണ്. മാത്രവുമല്ല മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കും സിപിഎമ്മിനും സൃഷ്ടിക്കുന്ന അസ്വസ്തതകള്‍ ചെറുതൊന്നുമല്ല.

വര്‍ഗീയ കക്ഷികളെ എതിര്‍ത്തു തോല്‍പിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്തിറക്കുമ്പോള്‍, ബിജെപി യെ എതിര്‍ക്കുന്നത് തങ്ങള്‍ മാത്രമെന്ന് അവകാശപ്പെടുന്ന സിപിഎം, നേമം മണ്ഡലത്തില്‍ ബിജെപിയെ സഹായിക്കുകയാണ് ഒരര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഈ അന്തര്‍ധാരയില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാനുള്ള മുരളീധരന്റെ വരവ് ഇടതു ക്യാമ്പുകളില്‍ ഭയത്തിന്റെ വിത്തുകള്‍ വിതച്ചു കഴിഞ്ഞു. പ്രചരണ രംഗം കൂടി ചൂടു പിടിക്കുന്നതോടു കൂടി മത്സരം കൂടുതല്‍ ശക്തമാകും. കോട്ടകള്‍ പിടിച്ചെടുക്കുന്ന കോണ്‍ഗ്രസ് ‘സ്പെഷലിസ്റ്റ്’ മുരളി നേമത്തെത്തുമ്പോള്‍ ഏതു കോട്ടയും തകരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് നേതത്വവും അണികളും.

Comments (0)
Add Comment