സർക്കാർ വഞ്ചിച്ചു, ‘എന്നാപ്പിന്നെ അനുഭവിച്ചോ’ എന്ന് പറയില്ല ; യുവജനങ്ങൾക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പോരാടും : എന്‍എസ് നുസൂർ

Jaihind Webdesk
Saturday, July 24, 2021

പിഎസ് സി ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിച്ചുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻഎസ് നുസൂർ. പിൻവാതിൽ വഴി നിയമനം നേടിയവർ സ്ഥിരമാക്കപ്പെടുമ്പോൾ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർ അർഹതപ്പെട്ട ജോലിക്കായി മന്ത്രിമന്ദിരങ്ങളിൽ കയറിയിറങ്ങുന്നുണ്ടായിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുമെന്നും അത്‌ നീട്ടിനൽകണമെന്നുമുള്ള അവരുടെ ആവശ്യങ്ങൾക്ക് മുൻപിലും  ഭരണകൂടം മുഖം തിരിച്ചു. ഉദ്യോഗാർത്ഥികളുടെ സമരത്തിന് ശക്തിയേകാനും അവരുടെ അവകാശം നേടിക്കൊടുക്കാനും കഴിഞ്ഞ ഫെബ്രുവരി 14 തീയതി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും, ശബരിനാഥനും നിരാഹാരം ആരംഭിച്ചു. അത്‌ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നുള്ള തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

 

May be an image of one or more people, people sitting and indoor

ഉദ്യോഗാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടിയാണ് യൂത്ത് കോൺഗ്രസ്‌ എല്ലാകാലത്തും നിലപാട് എടുത്തിട്ടുള്ളത് . കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയപ്പോൾ ശക്തമായ നിലപാട് ഞങ്ങൾ സ്വീകരിച്ചു.സർക്കാരിന്റെ അവസാനസമയം പിൻവാതിൽ വഴി നിയമനം നേടിയവർ സ്ഥിരമാക്കപ്പെടുമ്പോൾ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർ അർഹതപ്പെട്ട ജോലിക്കായി മന്ത്രിമന്ദിരങ്ങളിൽ കയറിയിറങ്ങുന്നുണ്ടായിരുന്നു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുമെന്നും അത്‌ നീട്ടിനൽകണമെന്നുമുള്ള അവരുടെ ആവശ്യങ്ങൾക്ക് മുൻപിൽ ഭരണകൂടം മുഖം തിരിച്ചു. ഇതിനിടയിൽ അർഹതപ്പെട്ട തൊഴിൽ നഷ്ടമായതിൽ മനംനൊന്ത് അനു എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു. പിന്നീട് സമരം കൊടുമ്പിരികൊണ്ടസമയം. ആത്മഹത്യ ഭീഷണിയും മുട്ടിലിഴയലുമായി ഉദ്യോഗാർത്ഥികൾ. അവരുടെ സമരത്തിന് ശക്തിയേകാനും അവരുടെ അവകാശം നേടിക്കൊടുക്കാനും കഴിഞ്ഞ ഫെബ്രുവരി 14 തീയതി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും, ശബരിനാഥനും നിരാഹാരം ആരംഭിച്ചു. അത്‌ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നുള്ള തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നിൽ . സമരവും ലാത്തിച്ചാർജും അറസ്റ്റും ഞങ്ങൾ നേരിട്ടു.

ഒട്ടേറെ സഹപ്രവർത്തകർ കള്ളക്കേസുകളിൽ പ്രതിചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ ഷാഫിയെയും ശബരിയെയും ഫെബ്രുവരി 22 തീയതി ആശുപത്രിയിലേക്ക് മാറ്റി. പകരം നിരാഹാരപ്പന്തലിൽ ഞാനും റിജിൽ മാങ്കുറ്റിയും റിയാസ് മുക്കോളിയും സമരം ഏറ്റെടുത്തു. 23 തീയതി തലസ്ഥാനത്ത് എത്തിയ രാഹുൽഗാന്ധി റാങ്ക് ഹോൾഡേഴ്സിനെയും ഞങ്ങളെയും കാണാൻ പന്തലുകളിലെത്തി. ആദ്യമായി തൊഴിലിനുവേണ്ടിയുള്ള യുവജനങ്ങളുടെ പോരാട്ടം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
അതുവരെ നിശബ്ദമായിരുന്ന റഹീമും ഡിവൈഎഫ്‌ഐയും ഉദ്യോഗാർത്ഥികളുടെ സമരം പൊളിക്കാൻ ഇതിനോടകം ശ്രമം തുടങ്ങി കഴിഞ്ഞിരുന്നു .

തുടർഭരണം വന്നാൽ കാര്യങ്ങൾ നടത്തിക്കൊടുക്കാം എന്ന് പാവപ്പെട്ട സമരക്കാരെ തെറ്റുധരിപ്പിച്ചു. അതിന് അവർ കൂട്ടുപിടിച്ചത് സമരസമിതിയുടെ മുൻനിരയിൽ നിന്ന “റിജുവിനെയും ലയയേയും” ആയിരുന്നു.സിപിഎം തയ്യാറാക്കിയ തിരക്കഥ അനുസരിച്ചു എ കെ ബാലൻ വിളിച്ചു ചേർത്ത മീറ്റിങ്ങിനു ശേഷം, അതിന് മുൻപ് ഡിവൈഎഫ്ഐ ഓഫീസിൽ നിന്നും റഹീം നൽകിയ നിർദ്ദേശം പോലെ എൽഡിഎഫ് സർക്കാരിനും പിണറായി വിജയനും അഭിവാദ്യങ്ങൾ വിളിച്ചുകൊണ്ട് പ്രകടനം നടത്തുന്നതും സമരപ്പന്തലിൽ കിടന്നു ഞങ്ങൾ കാണുന്നുണ്ടായിരുന്നു. സമരം വിജയം കണ്ടത് അറിയിക്കാൻ അവർ ഞങ്ങളുടെ അടുത്ത് വന്നപ്പോഴും ഞങ്ങൾക്ക് സർക്കാരിനെ സംശയം തന്നെ ആയിരുന്നു.

സമരം അവസാനിപ്പിക്കാൻ കോൺഗ്രസ്‌ പാർട്ടി ഞങ്ങൾക്ക് നിർദ്ദേശം തന്നപ്പോൾ ഒരു നിബന്ധനയേ ഞങ്ങൾ വച്ചുള്ളൂ . അത്‌ കെപിസിസി പ്രസിഡന്റ് ആയിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനോട് പങ്ക് വച്ചു. “ഞങ്ങൾ സമരം അവസാനിപ്പിക്കും. പക്ഷെ നാളെ അധികാരം ലഭിച്ചാൽ ഇവർക്ക് വേണ്ടി മന്ത്രിമാരുടെ പുറകെ നടക്കേണ്ട ഗതികേട് ഞങ്ങൾക്കുണ്ടാകാതിരിക്കാൻ ഉദ്യോഗാർത്ഥികൾക്ക് പാർട്ടിനേതൃത്വം സമരപ്പന്തലിൽ വച്ച് ഉറപ്പ് നൽകണം ” ആ ഉറപ്പ് നൽകാൻ തന്നെക്കൊണ്ട് മാത്രം ആകില്ല എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് പിറ്റേ ദിവസം മാർച്ച്‌ 1 തീയതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തല, എന്നിവരും കൂടി എത്തി മുല്ലപ്പള്ളിയുടെ സാനിധ്യത്തിൽ ആ ഉറപ്പ് ഞങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും നൽകി. ഇത് യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനം സമരക്കാരോട് കാണിച്ച ആത്മാർഥത.

ഇപ്പോൾ തുടർഭരണം പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള സമരത്തെയും അവകാശപോരാട്ടത്തെയും സിപിഎമ്മിന് മുൻപിൽ അടിയറ വച്ചിട്ട് ഇന്ന് പത്രസമ്മേളനം നടത്തി വിലപിച്ചിട്ട് കാര്യമുണ്ടോ?പൊതുജനം സർക്കാരിനെ യുവജന വഞ്ചകർ എന്നുവിളിക്കുമ്പോൾ സമരത്തെ ഒറ്റികൊടുത്തവരെ എന്ത് വിളിക്കും എന്ന് ചിന്തിക്കണം..
“എന്നാപ്പിന്നെ അനുഭവിച്ചോ” എന്ന് ഞങ്ങൾ പറയില്ല. കാരണം ഞങ്ങൾ പോരാട്ടം നടത്തിയത് ഞങ്ങൾക്ക് വേണ്ടിയല്ല. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് വേണ്ടിയാണ്. റാങ്ക് ഹോൾഡേഴ്സിനെയും psc യിൽ പ്രതീക്ഷ അർപ്പിക്കുന്ന യുവജനങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന “സമ്മിശ്ര നയം”സർക്കാർ സ്വീകരിക്കണം.ഇത് യുവജന സംഘടനകളുടെ പ്രതിനിധികളെയും വിശ്വാസത്തിലെടുത്തുകൊണ്ട് വേണം എന്നുള്ളതും സർക്കാരിനോട്‌ ആവശ്യപ്പെടും.