ലോകായുക്തയുടെ അല്ല, തെരുവ് നായ്ക്കളുടെ പല്ലാണ് പറിക്കേണ്ടത്: രൂക്ഷവിമർശനവുമായി പ്രതിപക്ഷം

Jaihind Webdesk
Tuesday, August 30, 2022

തിരുവനന്തപുരം: തെരുവുനായശല്യവും പേ വിഷബാധയും  അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ലോകായുക്തയുടെ അല്ല, തെരുവ് നായ്ക്കളുടെ പല്ലാണ് പറിക്കേണ്ടതെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്നാൽ പേവിഷ ബാധ വർധിക്കുന്നതിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടെന്ന് മുഖ്യമന്ത്രി ശരിവെച്ചു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂർണ്ണമായി നിലച്ചു എന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശോധന കൂടാതെയുള്ള പേവിഷ പ്രതിരോധ വാക്സിനുകൾ സംസ്ഥാനത്ത് വിതരണം നടക്കുന്ന പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടവെ പി.കെ ബഷീർ കുറ്റപ്പെടുത്തി. വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും കുട്ടികളടക്കമുള്ള സാധാരണക്കാരുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കരുത്. ലോകായുക്തയുടെ അല്ല, നായയുടെ പല്ലാണ് സർക്കാർ പറിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പേവിഷ ബാധയെ തുടർന്ന് ഈ വർഷം 20 പേര്‍ മരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുത്തിവെപ്പ് എടുത്തിട്ടും മരിച്ചവർ പേവിഷ ബാധയേൽക്കാൽ കൂടുതൽ സാധ്യതയുള്ള ഭാഗങ്ങളിൽ മുറിവേറ്റവരാണ്. 15 പേർ വാക്സിൻ എടുത്തിരുന്നില്ല. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂർണ്ണമായി നിലച്ചു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ മരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി സംസാരിച്ചതെന്നും പേ വിഷബാധ വർധിക്കുന്നതിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടെന്നും മുഖ്യമന്ത്രി തിരുത്തി. വാക്സിനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാക്സിന്‍റെ ഗുണമേൻമയെ കുറിച്ചുയർന്ന ആക്ഷേപങ്ങളെ വ്യക്തമായി പരാമർശിച്ച് ആരോഗ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.

തെരുവ്നായ ശല്യം മൂലം കുട്ടികളെ മനസമാധാനത്തോടെ സ്കൂളുകളിലേക്കയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പരിശോധനാ കൂടാതെയുള്ള പേ വിഷ പ്രതിരോധ വാക്സിനുകൾ സംസ്ഥാനത്ത് വിതരണം നടക്കുന്നുണ്ട്. വാക്സിനുകളുടെ ഗുണനിലവാരം പരിശോധിക്കാൻ കേരളത്തിൽ സംവിധാനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകൾ ഉണ്ട്. ആരോഗ്യ വകുപ്പ് മരണങ്ങളെ കുറിച്ചാണ് പരിശോധിച്ച് വരുന്നത്. വാക്സിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല.