നിരോധനാജ്ഞ പിന്‍വലിക്കാത്ത നടപടി വിശ്വാസികളോടുള്ള അനാദരവ് : മുല്ലപ്പള്ളി

ശബരിമലയില്‍ സമാധാന അന്തരീക്ഷം നിലനിന്നിട്ടും നിരോധനാജ്ഞ പിന്‍വലിക്കാത്ത സര്‍ക്കാര്‍ നടപടി വിശ്വാസികളോടുള്ള അനാദരവും നീതികേടുമാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സഭാ നടപടികള്‍ നിരന്തരം തടസ്സപ്പെട്ടിട്ടും പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ പത്തുദിവസമായി സത്യാഗ്രഹമിരുന്നിട്ടും അതിനെയെല്ലാം അവഗണിക്കുകയാണ് മുഖ്യമന്ത്രി.  മുഖ്യമന്ത്രിയുടെ ദുര്‍വാശിയും കടുംപിടിത്തവുമാണ് സഭാസ്തംഭനത്തിലേക്ക് എത്തിച്ചത്. എന്നിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാന്‍ കേരള മുഖ്യമന്ത്രി തയ്യാറാകുന്നില്ലയെന്നത് പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യസംവിധാനത്തിന് യോജിച്ച നടപടിയല്ല മുഖ്യമന്ത്രി പിണറായി വിജയന്‍റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്‍റെ ഉള്‍ക്കരുത്ത് തുറന്ന ചര്‍ച്ചകളാണ്. അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അധികാരം മുഖ്യമന്ത്രിയെ മത്തുപിടിപ്പിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ അനങ്ങാപ്പാറ നയം ധിക്കാരത്തിന്‍റെ പരസ്യപ്രഖ്യാപനം കൂടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം നന്നേ കുറഞ്ഞു. തീര്‍ത്ഥാടന കാലം ആരംഭിച്ച് 23 ദിവസം പിന്നിടുമ്പോള്‍ 48 കോടി രൂപമാത്രമാണ് നടവരവായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 85 കോടി രൂപയായിരുന്നുവെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

mullappally ramachandran
Comments (0)
Add Comment