സംസ്ഥാനത്തുടനീളം ജാമ്യമില്ല അറസ്റ്റ് വാറന്‍റ് ; സരിതയ്ക്ക് സംരക്ഷണവലയം തീര്‍ത്ത് പൊലീസ്

Jaihind News Bureau
Friday, February 12, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം വിവിധ കോടതികളിലായി അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും തട്ടിപ്പ് കേസ് പ്രതി സരിതയ്ക്ക് സംരക്ഷണവലയം തീര്‍ത്ത് പൊലീസ്. ബെവ്‌കോ തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയാകുന്നതിന് മുമ്പ് തന്നെ കേരളത്തിലെ എട്ട് കോടതികളില്‍ നിന്നായി സരിതയ്ക്ക് ജാമ്യമില്ലാ വാറന്‍റുണ്ട്.

ബെവ്‌കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് പതിനാറ് ലക്ഷം രൂപ തട്ടിയെന്ന കേസിലും പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ്  കേസ് എടുത്തിട്ടില്ല. ഈ കേസുകളിൽ എൽഡിഎഫ് ഉന്നതരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായും പരാതിക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈ പരാതികളിലെ അന്വേഷണവും അട്ടിമറിക്കുന്നതായാണ് ആരോപണം.

തൊഴിൽ തട്ടിപ്പ് കേസിന് മുന്‍പുള്ള വാറന്‍റുകളിലും തൊഴിൽ തട്ടിപ്പ് കേസിലും നടപടികൾ വൈകുന്നത് സരിതക്ക് ഉന്നത സംരക്ഷണം ലഭിക്കുന്നതിന്‍റെ തെളിവാണ് എന്നാണ് ആക്ഷേപം. പാർട്ടിക്ക് തന്നെ പേടിയാണെന്നുള്ള  സരിതയുടെ ശബ്ദരേഖയിലെ വാക്കുകളും ഇത് ശരിവെക്കുന്നു.