‘ക്രമസമാധാനം കൈകാര്യം ചെയ്യാന്‍ സമയമില്ല, ശ്രദ്ധ മുഴുവന്‍ സർവകലാശാലകളില്‍’; സർക്കാരിനെതിെരെ ഗവർണർ

Jaihind Webdesk
Thursday, December 1, 2022

തിരുവനന്തപുരം: ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിനു സമയമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാരിന്‍റെ ശ്രദ്ധ മുഴുവൻ സർവകലാശാല വിഷങ്ങളിലാണ്. അവിടെ നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും നിയമിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സർവകലാശാലയിലെ നിയമനത്തിനുള്ള നിർദേശങ്ങള്‍ പോകുന്നത്. സർവകലാശാലകളുടെ നാഥനായ ചാൻസലറെ അറിയിക്കാതെയാണ് ഇത്തരം നിയമനങ്ങൾ. വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോടതിയുടെ നിർദേശം അനുസരിച്ച് ഉടൻ ആരംഭിക്കുമെന്നും ഗവര്‍ണർ വ്യക്തമാക്കി.

സർവകലാശാലകളിൽ യുജിസി നിയമങ്ങൾക്കു വിരുദ്ധമായി സർക്കാരിനു പ്രവർത്തിക്കാനാകില്ല. അതാണ് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ക്രമസമാധാനത്തില്‍ ശ്രദ്ധിക്കാന്‍ സർക്കാരിന് സമയമില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാതെ സർവകലാശാലകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാകണം. കേരളത്തിന്‍റെ അക്കാദമിക പാരമ്പര്യം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടും. കടബാധ്യതയിലുള്ള കേരളത്തിലാണ് ഗവർണർക്കെതിരെ നിയമോപദേശത്തിനായി 45 ലക്ഷം രൂപ ചെലവാക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.