ബി.ജെ.പിയുടെ കള്ളത്തരം വെളിച്ചത്ത്: ശബരിമലയില്‍ യുവതീ പ്രവേശനത്തില്‍ നിയമനിര്‍മാണം ഉടനില്ല: കേന്ദ്ര സര്‍ക്കാര്‍

Jaihind Webdesk
Wednesday, July 3, 2019

ശബരിമല സ്ത്രീ പ്രവേശന വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ ആകില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയെ അറിയിച്ചു. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര നിയമമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ ബി.ജെ.പിയുടെ ശബരിമല സംരക്ഷണ സമരം വിശ്വാസികളുടെ കണ്ണില്‍ പൊടിയിടലായിരുന്നു എന്ന് വ്യക്തമായി. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും ഇതില്‍ നിയമനിര്‍മാണം കേന്ദ്രത്തിന് സാധ്യമല്ലെന്നും ആണ് കേന്ദ്രനിയമ മന്ത്രി ലോക്‌സഭ അറിയിച്ചത്. ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ട് യങ് ലോയേഴ്‌സ് അസോസിയേഷന്‍ കൊടുത്ത ഹര്‍ജിയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം ഉദ്ദേശിക്കുന്നുണ്ടോ എന്ന ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര നിയമ മന്ത്രി ഇക്കാര്യം അറിയിച്ചത്.

ശബരിമല യുവതി പ്രവേശനം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപി വലിയ ചര്‍ച്ച ആക്കിയിരുന്നു. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി മറികടക്കാന്‍ നിയമം ഉണ്ടാകില്ലെന്നും, ബിജെപിയുടെ ശബരിമല വിശ്വാസ സംരക്ഷണ സമരം വിശ്വാസികളുടെ കണ്ണില്‍ പൊടിയിടുന്നത്തായിരുന്നു എന്നും കേന്ദ്രനിയമ മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയോടെ ഏറെക്കുറെ വ്യക്തമായി. ആചാരസംരക്ഷണത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.

ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കുകയും വേണം.