അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഒരാള്‍ മാത്രം

Jaihind News Bureau
Thursday, November 26, 2020

 

ഇടുക്കി: ‘അരിവാൾ ചുറ്റിക നക്ഷത്രമെന്ന് കേട്ടാല്‍ ചോര തിളക്കണം’ ഇടതുപക്ഷ ക്യാമ്പുകൾ ഉയർത്തുന്ന മുദ്രാവാക്യം ആണിത്. എന്നാൽ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം ആർക്കും വേണ്ട എന്ന വാർത്തയാണ് പുറത്തു വരുന്നത്. അരിവാൾ ചുറ്റിക നക്ഷത്രം ഇത്രയും മോശമാണോ എന്ന് തോന്നിപോകും സിപിഎമ്മിന്‍റെ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അവസ്ഥ അറിഞ്ഞാല്‍. ആകെയുള്ള 35 വാര്‍ഡുകൾ ആണുള്ളത്. ഇതിൽ 25 ഇടത്തും സിപിഎമ്മിനാണ് സീറ്റ്. പക്ഷേ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നത് ആകെ ഒരാള്‍ മാത്രം. ബാക്കി 24 ഇടത് സ്വതന്ത്രര്‍. അഭിമാന ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം വെടിഞ്ഞു കുടയിലും ഓട്ടോറിക്ഷയിലുമൊക്ക അഭയം കണ്ടെത്തിയിരിക്കുകയാണ് സ്ഥാനാർഥികൾ.

അതേസമയം സിറ്റിങ് സീറ്റുകളില്‍ പോലും ചിഹ്നം കൈവിട്ടതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ അമര്‍ഷവും പുകയുകയാണ്. കൈയിലിരിപ്പിന്‍റെ ഗുണമാണിതെന്നും അടുത്ത തവണ പാര്‍ട്ടി തന്നെ ഉണ്ടാകുമോ എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട് എന്നാണ് പിന്നാമ്പുറ സംസാരം. അതിനേക്കാൾ മറ്റൊരു ശ്രദ്ധേയമായ കാര്യം തൊടുപുഴ മുൻസിപ്പാലിറ്റിയിലെ പല വാർഡുകളിലും സ്ഥാനാർത്ഥികളില്ലാതെ ഒരു വിധമാണ് പലരെയും പിടിച്ച് നിർത്തിയത്.

എന്നാല്‍ പല വാര്‍ഡുകളിലും പാര്‍ട്ടിയ്ക്ക് ചിഹ്നത്തില്‍ ആളെ കിട്ടാന്‍ ഏറെ നേതാക്കള്‍ പണിപ്പെട്ടെങ്കിലും ഉണ്ടാക്കിയെടുത്ത പേരിനെ തുടര്‍ന്ന് ആരും സാഹസത്തിന് തയ്യാറായില്ല എന്നതാണ് വസ്തുത. പല മുതിർന്ന സിപിഎം നേതാക്കളും മത്സരത്തിനുണ്ടെങ്കിലും ആർക്കും പാർട്ടി ചിഹ്നം വേണ്ട. ഏറെക്കാലമായി തൊടുപുഴ മേഖലയില്‍ ഈ അവസ്ഥ തുടരുകയാണ്. എന്നാല്‍ ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇത്തവണ ഏക വനിത സ്ഥാനാത്ഥിയെ എങ്കിലും കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് നേതൃത്വം.