സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല


സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ചേർന്ന വൈദ്യുതി ബോർഡ് യോഗമാണ് താൽകാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്.

ജൂലൈ 15-ന് വൈദ്യുതി ബോർഡ് വീണ്ടും യോഗം ചേർന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ അപ്പോൾ തീരുമാനമെടുക്കും. എക്‌സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തിൽ ചില നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെടുമെന്നും എൻഎസ് പിള്ള വ്യക്തമാക്കി.

നാഷണൽ ഗ്രിഡിൽ 500 മെഗാവാട്ട് കൂടി കൊണ്ട് വരാൻ അനുമതി തരണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വർദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിർദേശിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.
ഡാമുകളിലെ ജലശേഖരത്തിൻറെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാതെ വന്നതോടെയുമാണ് മൺസൂൺ സീസണിൻറെ തുടക്കത്തിൽ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

Electricity consumption
Comments (0)
Add Comment