ബി.ജെ.പിയിലെ ചില നേതാക്കളുടെ വായില്‍ തുണി തിരുകണം; നേതാക്കളുടെ വിഡ്ഢിത്തം സഹിക്കവയ്യാതെ കേന്ദ്രമന്ത്രി ഗഡ്കരി

Thursday, December 20, 2018

ന്യൂദല്‍ഹി: സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ മണ്ടത്തരത്തിലും അസത്യ പ്രസ്താവനകളിലും പൊറുതിമുട്ടി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. പാര്‍ട്ടിയിലെ ചില നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്പബ്ലിക് ടി.വി നടത്തിയ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
ബോളിവുഡ് സിനിമയായ ‘ബോംബെ ടു ഗോവ’ എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി നേതാക്കളെ ഗഡ്കരി വിമര്‍ശിച്ചത്.

ചിത്രത്തില്‍ കുട്ടിയുടെ വിശപ്പ് അടക്കാനായി മാതാപിതാക്കള്‍ വായില്‍ തുണി തിരുകി വയ്ക്കുന്ന രംഗം ഉണ്ട്. അതുപോലെ പാര്‍ട്ടിയിലെ ചില നേതാക്കളുടെയും വായില്‍ തുണി തിരുകി വയ്ക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഹനുമാന്റെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ജാതി പറഞ്ഞവര്‍ക്ക് ഇത് ബാധകമാകുമോ എന്ന ചോദ്യത്തിന് താന്‍ തമാശയായി പറഞ്ഞതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.