കടലും കടന്ന് നരിയാപുരം ശർക്കരയുടെ പ്രശസ്തി

Jaihind News Bureau
Saturday, February 8, 2020

കടലും കടന്ന് നരിയാപുരം ശർക്കരയുടെ പ്രശസ്തി. കെമിക്കലുകളും ക്രിത്രിയ നിറവും ചേർക്കാത്ത ശർക്കര എന്നതാണ് നരിയാപുരം ശർക്കരയെ മറ്റുള്ളവയിൽ നിന്നും വേറിട്ടതാക്കുന്നത്.

ഒരു കാലത്ത് കരിമ്പ് കൃഷിക്കും ശർക്കര ഉത്പ്പാദനത്തിനും പ്രശസ്തമായിരുന്നു പത്തനംതട്ട ജില്ലയിലെ കൈപ്പട്ടൂരിനും പന്തളത്തിനും ഇടയിലുള്ള നിരയാപുരം ഗ്രാമം. എന്നാൽ കരിമ്പ് കൃഷി നഷ്ടമായതോടെ മിക്കവാറും എല്ലാ കർഷകരും കരിമ്പ് ക്യഷി ഉപേക്ഷിക്കുകയും, കരിമ്പിന്റെ ലഭ്യത ഇല്ലാതായതോടെ ശർക്കര ഉത്പ്പാദനം നിലക്കുകയും ചെയ്തു. എന്നാൽ വിമുക്ത ഭടനായിരുന്ന നരിയാപുരം സ്വദേശി ഫിലിപ്പ് ഏതാനും വർഷങ്ങൾ വിദേശത്ത് ജോലി നോക്കിയ ശേഷം നാട്ടിൽ മടങ്ങിയെത്തി 1987 ൽ സ്വന്തമായുള്ള 2. 5 ഏക്കർ സ്ഥലത്ത് കരിമ്പ് കൃഷി ആരംഭിച്ചു. ഈ കരിമ്പ് ഉപയോഗിച്ച് ശർക്കര നിർമ്മാണവും ഫിലിപ്പ് അതേ വർഷം ആരംഭിച്ചു. കരിമ്പ് കൃഷിക്കും ശർക്കര നിർമ്മാണത്തിനും ഏറെ പ്രശസ്തമായ നരിയാപുരത്തെ മറ്റ് കർഷകർ കൃഷിയിൽ നിന്നും ശർക്കര ഉത്പ്പാദനത്തിലും നിന്ന് പിൻതിരിഞ്ഞപ്പോഴും ഫിലിപ്പ് ഒരു വർഷം പോലും ഇതിൽ നിന്ന് പിൻമാറിയില്ല.

യാതൊരു കെമിക്കലുകളും ക്രിത്രിമ നിറങ്ങളും ചേർക്കാതെയാണ് ഇവിടെ നിന്ന് ശർക്കര നൽകുന്നതെന്ന് ഫിലിപ്പ് പറഞ്ഞു. വെണ്ടക്കാ ജ്യുസ് ആക്കി ചേർത്താണ് ശർക്കരയിൽ നിന്നും മാലിന്യങ്ങൾ വേർതിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കരിമ്പ് കൃഷിക്ക് പ്രശസ്തമായ തിരുവൻ മണ്ടുരിലെ കർഷകനായ അനിയനും ഫിലിപ്പിനൊപ്പം ശർക്കര നിർമ്മാണത്തിന് സഹായിക്കുന്നുണ്ട്.

തിരുവൻ മണ്ടുരിൽ പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്ത കരിമ്പാണ് ഇവിടെ ശർക്കര നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്ന് കർഷകൻ കൂടിയായ അനിയൻ പറഞ്ഞു. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിൽ ഇവിടെ നരിയാപുരം ശർക്കര ലഭ്യമാകും.