മുട്ടില്‍ മരം മുറി: ആരോപണ വിധേയനായ എൻ.ടി സാജന്‍റെ ഉന്നത നിയമനത്തിന് സ്റ്റേ

Jaihind Webdesk
Monday, April 4, 2022

 

മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻ.ടി സാജന് ചീഫ് കൺസർവേറ്ററുടെ അധികാരം നൽകിയ സർക്കാർ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ദക്ഷിണമേഖലാ ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാർ നൽകിയ ഹർജിയിലാണ് നടപടി. വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിന്‍റെ മറുപടി തേടി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതല നൽകിയിരുന്നു. മുട്ടിൽ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച വിനോദ് കുമാർ പ്രതികൾക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കേസന്വേഷണം പൂർത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങൾ ലംഘിച്ചാണ്.

സാജനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് വനം വകുപ്പില്‍ നടത്തിയ അപ്രതീക്ഷിത സ്ഥലം മാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്‍റെ അനുമതിയില്ലാതെയും ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു സ്ഥലംമാറ്റം. എന്നാല്‍ പ്രതിഷേധങ്ങള്‍ തള്ളിക്കളഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെയാണ് പരാതിക്കാര്‍ ഹര്‍ജിയുമായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.