ജാര്‍ഖണ്ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ കൊലക്കേസ് പ്രതിയും കോടികളുടെ അഴിമതി നടത്തിയവരും

Jaihind Webdesk
Thursday, November 14, 2019

ജാർഖണ്ഡ്നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ കൊലക്കേസ് പ്രതിയും കോടികളുടെ അഴിമതി നടത്തിയ നേതാവും. ഭാനു പ്രതാപ് ഷാഹി, ശശി ഭൂഷണ്‍ മേത്ത എന്നീ നേതാക്കളാണ് ഗുരുതര ആരോപണം നേരിടുന്ന ബി.ജെ.പി സ്ഥാനാർത്ഥികള്‍.

ഭാവ്നാഥ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന ഭാനു പ്രതാപ് ഷാഹി 130 കോടി രൂപയുടെ മെഡിസിന്‍ കുംഭകോണക്കേസിലെ പ്രതിയാണ്. പങ്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ശശി ഭൂഷണ്‍ മേത്തയാകട്ടെ കൊലക്കേസിലെ പ്രതിയാണ്. സ്വന്തം സ്കൂളിലെ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍.

ബി.ജെ.പി പ്രസിദ്ധീകരിച്ച 52 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ചില പേരുകളാണിത്. 2008 ലെ മെഡിസിൻ അഴിമതിക്കേസിൽ സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റും സമർപ്പിച്ച കുറ്റപത്രത്തിൽ ഭാനു പ്രതാപ് ഷാഹിയുടെ പേരുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മറ്റ് കേസുകളും ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. അതേസമയം കളങ്കിതരായ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും അതൃപ്തരാണ്. പട്ടിക പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് ബി.ജെ.പി വിട്ടത്. മുന്‍ എം.എല്‍.എയും ബി.ജെ.പി ചീഫ് വിപ്പും അടുത്തിടെ പാര്‍ട്ടി വിട്ടവരില്‍ പ്രമുഖരാണ്.

നവംബർ 30 മുതൽ ഡിസംബർ 20വരെ അഞ്ച് ഘട്ടമായാണ് ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 23നാണ് വോട്ടെണ്ണൽ.