നഗരസഭ കത്ത് വിവാദം: ഡി.ആർ അനില്‍ രാജി വെക്കും; സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

Jaihind Webdesk
Friday, December 30, 2022

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്കു മുന്നിൽ യുഡിഎഫും ബിജെപിയും കഴിഞ്ഞ 55 ദിവസമായി നടത്തിവന്ന സമരം താല്‍ക്കാലികമായി പിൻവലിച്ചു. മന്ത്രിമാരായ എം.ബി രാജേഷും വി. ശിവൻ കുട്ടിയും സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.

മേയർക്ക് പുറമേ നിയമന കത്ത് എഴുതിയ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിൽ ചെയർമാൻ സ്ഥാനം രാജിവെക്കും. പുറത്തുവന്ന കത്ത് താനാണ് എഴുതിയതെന്ന് നേരെത്തെ അനിൽ സമ്മതിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനിലിനോട് രാജി വെക്കാൻ സർക്കാർ നിർദേശിച്ചത്. ഇതുൾപ്പെടെ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് പാലോട് രവി പറഞ്ഞു.