മുന്‍കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Jaihind Webdesk
Tuesday, January 22, 2019

മുംബൈ: മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്)യോ സുപ്രീംകോടതി ജഡ്ജിയുലെ കീഴിലോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുണ്ടെയുടെ മരുമകനും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ രംഗത്ത്. കഴിഞ്ഞ ദിവസം യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇ.വി.എം അട്ടിമറി സംബന്ധിച്ച് ഗോപിനാഥ് മുണ്ടെയ്ക്ക് അറിവുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സെയ്ദ് ഷൂജ വെളിപ്പെടുത്തിയിരുന്നു.

ഗോപിനാഥ് മുണ്ടെയുടെ മരണം സംബന്ധിച്ച് നേരത്തെയും സംശയം ഉന്നയിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തലോടെ തന്റെ സംശയം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ധനഞ്ജയ് മുണ്ടെ പറഞ്ഞു.
2014 മെയ് 26ന് മോദി അധികാരമേറ്റതിനൊപ്പം ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റ ഗോപിനാഥ് മുണ്ടെ ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 3നാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മുണ്ടേയുടെ അപകടമരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് മകള്‍ പങ്കജ 2014 ല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് അതിനുള്ള നീക്കങ്ങളൊന്നും നടന്നിരുന്നില്ല.