രാജ്യത്തെ ജനതയെ തൊഴില്‍രഹിതരാക്കിയ ഭരണാധികാരിയാണ് മോദി: മുല്ലപ്പള്ളി രാമചന്ദ്രന്‍

നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥ തല്ലിത്തകര്‍ത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കി യുവാക്കളെ തെരുവില്‍ അലയാന്‍ വിട്ട ഭരണാധികാരിയാണ് മോദിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നോട്ട് നിരോധനത്തിലൂടെ മോദി നഷ്ടപ്പെടുത്തിയത് 50 ലക്ഷം പേരുടെ ഉപജീവനമാര്‍ഗമാണെന്ന് ബെംഗളൂരു അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ തൊഴില്‍ സ്ഥിതി പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം 45 വര്‍ഷത്തിനിടയിലെ ഏറ്റവൂം രൂക്ഷമായ തൊഴില്‍ പ്രശ്നമാണ് മോദിഭരണകാലത്ത് രാജ്യത്തുണ്ടായത്.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലിലൂടെ മോദി നടത്തിയത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്നു സീരിസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് ഇന്ത്യയിലെത്തിച്ചിരുന്നെന്നും നോട്ടു അസാധുവാക്കുന്ന വിവരം ബിജെപിക്ക് വേണ്ടപ്പെട്ടവര്‍ക്ക് നേരത്തെ ചോര്‍ത്തി നല്‍കിയെന്നും കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് രാഹുല്‍ രത്രേക്കര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കബില്‍ സിബില്‍ തന്നെ പുറത്തുവിട്ടു. നോട്ടുനിരോധനത്തിന്‍റെ മറവില്‍ വന്‍തട്ടിപ്പിന് മോദിയും അമിത്ഷായും കളമൊരുക്കി എന്നതിന്‍റെ തെളിവാണിത്.

റിസര്‍വ് ബാങ്ക് എതിര്‍പ്പ് നിലനില്‍ക്കെയാണ് ബിജെപി നോട്ട് നിരോധനം മുന്‍കൈയെടുത്ത് നടപ്പിലാക്കിയത്. ജനതയെ വഞ്ചിച്ച മോദിക്കുള്ള മറുപടിയായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment