അശ്വത്ഥാമാവ് വെറും ഒരു ആനയോ? ഭരണകൂട ജീര്‍ണതയുടെ ആഴം ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെട്ടു: സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, February 5, 2022

പിണറായി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും അഴിമതികളും ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം  ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് പിന്നാലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇതെല്ലാം ഭരണകൂടത്തിന്‍റെ ജീര്‍ണതയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത്, മയക്കു മരുന്ന്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പീഡനങ്ങൾ, ലൈംഗികാതിക്രമം, വാടകക്കൊലയാളികളുടെയും ഗുണ്ടാ സംഘങ്ങളുടെയും വിളയാട്ടം, ഇത്തരക്കാര്‍ക്ക് സഹായം നൽക്കുന്ന രാഷ്ട്രീയ നേതൃത്വം തുടങ്ങി സകലമാന പിടിപ്പുകേടുകളുടെയും വിളനിലമായി പിണറായി ഭരണം അധപതിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

അശ്വത്ഥാമാവ് വെറും ഒരു ആനയോ ?

എം. ശിവശങ്കറിന്‍റെ “അശ്വത്ഥാമാവ് വെറും ഒരു ആന” എന്ന ഓർമ്മക്കുറിപ്പും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും ജീർണതയുടെ ആഴങ്ങളിൽ നിപതിച്ച ഒരു ഭരണകൂടത്തിന്റെ നേർചിത്രമാണ് ഒരു വട്ടം കൂടി അനാവരണം ചെയ്യുന്നത്.
മൗലികമായ പല ചോദ്യങ്ങളും സമൂഹ മനസ്സുകളിൽ നിറഞ്ഞു നിൽക്കുകയാണ്. വിവാദങ്ങളുടെ നായകനും അതിസമർഥനുമായ ഒരു ‘കൺഫേർഡ് ‘ സിവിൽ സർവീസ്കാരനുമായി മുഖ്യമന്ത്രിക്ക് അതിരുവിട്ട ബന്ധമെന്താണ്? കുപ്രസിദ്ധമായ സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിൽ വാസം കഴിഞ്ഞെത്തിയ ശിവശങ്കറിനെ ധൃതിപിടിച്ച് സർവീസിൽ തിരിച്ചെടുക്കുകയും സിൽവർ ലൈൻ പദ്ധതിയുടെ ചുമതലയുള്ള മന്ത്രിയുടെ വകുപ്പിൽ നിയമിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ ‘ഉദ്ദേശശുദ്ധി’ ആർക്കാണറിയാത്തത്. സർവീസിൽ തിരിച്ചെത്തിയ ഉടനെ ഇരുമ്പഴിക്കുള്ളിലിരുന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാൻ എങ്ങിനെ അനുമതി ലഭിച്ചു എന്നത് പ്രസക്തമാണ്. സർവീസിലിരിക്കെ പുസ്തകമെഴുതിയ ഒരു സീനിയർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത സർക്കാർ ശിവശങ്കറിന്റെ കാര്യത്തിൽ കണ്ണടച്ചതാണോ?

ഒന്നാം പിണറായി സർക്കാർ അഴിമതിയുടെയും പിടിപ്പുകേടിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴുക്ക് ചാലിൽ കിടക്കുകയായിരുന്നു. കോവിഡ് ഒന്നാം തരംഗത്തിൽ കിറ്റും പെൻഷനും നൽകി ഒരു സമൂഹത്തെ സമർത്ഥമായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും.
എന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം. നും കോൺഗ്രസ്സിനും കിട്ടിയ വോട്ടുകളുടെ വ്യത്യാസം നിസ്സാരമായ 0.26% മാത്രം.
രണ്ടാം തവണ അത്ഭുതകരമായി അധികാരത്തിൽ വന്ന ഈ സർക്കാറിന്റെ ബാക്കിപത്രമെന്താണ്? ജനങ്ങൾ ഗൗരവപൂർവ്വം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഒരു രംഗത്തെങ്കിലും മേന്മ അവകാശപ്പെടാൻ ഈ സർക്കാറിന് കഴിയുമോ?
എട്ടാം തവണ വിദേശ യാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി അബുദാബിയി ൽ എത്തി സഹസ്ര കോടീശ്വരന്മാരുമായി ചർച്ച നടത്തി. സുഹൃത്തുക്കളുമായി സുദൃഢ ബന്ധം നിലനിർത്തുക നല്ല കാര്യം തന്നെ. പക്ഷെ ഒരു യാത്രയിലെങ്കിലും ഈ സംസ്ഥാനത്തിന് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടോ? വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലുണ്ടായിട്ടുള്ള തകർച്ച കേരളത്തിന്ന് നാണക്കേടുണ്ടാക്കികഴിഞ്ഞു.

കോവിഡ് ഒന്നാം തരംഗത്തിൽ 1600 കോടിയുടെ കൊള്ള നടത്തിയ കാര്യം മാധ്യമങ്ങളാണ് പുറത്തു കൊണ്ടു വന്നത്. പൊതു സമൂഹം സജീവ ചർച്ചക്ക് ഈ അഴിമതി വിധേയമാക്കിട്ടും ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല . അത്ഭുതം തന്നെ.

സർവകലാശാലകൾ മാർക്ക് ദാനങ്ങളുടെ കേന്ദ്രങ്ങളായി; കൈക്കൂലിക്കാരുടെ കൂടാരമായി. ഒരു അനക്കവുമില്ലാത്ത ഒരു സർക്കാർ. നിയമവാഴ്ച്ച ആകെ തലകീഴായി മറഞ്ഞിരിക്കുന്നു. ആഭ്യന്തര വകുപ്പും പോലീസും ഈ നാട്ടിലുണ്ടോയെന്ന് സംശയം ഉയർന്ന് കഴിഞ്ഞു. കള്ളക്കടത്ത്, മയക്കു മരുന്ന്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പീഡനങ്ങൾ, ലൈംഗികാതിക്രമം, വാടകക്കൊലയാളികളുടെയും ഗുണ്ടാ സംഘങ്ങളുടെയും വിളയാട്ടം. ഇവർക്ക് സഹായം നൽക്കുന്ന രാഷ്ട്രീയ നേതൃത്വം. കേരളത്തിൽ നടക്കുന്ന എല്ലാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും അടിവേരുകൾ ചെന്നെത്തുന്നത് ഉന്നതന്മാരിലേക്കാണെന്നതാണ് വിചിത്രം. അഴിമതിക്കാരായ പോലീസ്- സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുടെ വൃത്തികേടുകൾ പരസ്യമായ രഹസ്യങ്ങളാണ്.
രണ്ടാം പിണറായി സർക്കാറിന്റെ തുടക്കം തന്നെ വ്യാപകമായ മരം കൊള്ള കണ്ടുകൊണ്ടാണ്. തുടർന്ന് മോൻസൻ മാവുങ്കൽ എന്ന ‘പുരാവസ്തു വിൽപ്പനക്കാരന്റെ’ കിടത്തി ചികിത്സയും ഉന്നതന്മാരുമായുള്ള അസാധാരണമായ ബന്ധങ്ങളും.  തീർന്നില്ല. കൊച്ചി നഗരത്തിലെ ഒരു ഹോട്ടലിൽ നടന്ന ഡിജെ പാർട്ടി. ദുരൂഹ സാഹചര്യത്തിൽ ദുരന്തമരണമടഞ്ഞ രണ്ട് മോഡലുകൾ. എല്ലാ ദിവസങ്ങളിലും എത്രയെത്ര ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ. എല്ലാറ്റിനും 24 മണിക്കൂർ ആയുസ്സ് എന്ന് കരുതുന്ന മനസ്സ് മരവിച്ച മുഖ്യ മന്ത്രി.

കൊച്ചിയിൽ ഒരു വാടക ഗുണ്ടയെക്കൊണ്ട് പ്രശസ്ത സിനിമാ നടിയെ ബലാൽസംഗം ചെയ്യിച്ച അസാധാരണമായ കുറ്റകൃത്യം. മനുഷ്യ മനസ്സാക്ഷി നൊമ്പരപ്പെട്ടു. ഇവിടെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ക്രൂര നിശ്ശബ്ദത . നിസ്സഹായയായ നടിയുടെ നിലക്കാത്ത തേങ്ങൽ. നമുക്കെന്തു പറ്റി. ഒരൊറ്റ മഹിളാ സംഘടനകളെയോ നേതാക്കന്മാരെയോ കാണാനില്ല. അവസാനം സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും മുമ്പിൽ ദയാ ഹരജിയുമായി നിൽക്കേണ്ട ദുരവസ്ഥ. ഇരക്കു വേണ്ടി ആരും രംഗത്തില്ലെന്നോ ?
കുറ്റവാളികൾക്ക് രക്ഷാകവചമൊരുക്കാൻ എത്രപേർ വേണമെങ്കിലുമുണ്ട്. ഒരു ദുർബല ഭരണകൂടവും എല്ലാ കൊള്ളരുതായ്മക്കും കുടപിടിക്കുന്ന പോലീസ് മേധാവികളും ഈ നാടിന്റെ ശാപമാണ്.

മുഖ്യമന്ത്രിയും ശിവശങ്കരാദികളും ചേർന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്മാരുടെ നരകമാക്കി മാറ്റുകയാണൊ?
ശിവശങ്കറും സ്വപ്നയും വീണ്ടും പൊളളുന്ന യാഥാർത്ഥ്യം ഓർമ്മിപ്പിക്കുകയാണ്.
“ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണകൂടമെ ലഭിക്കുകയുള്ളു”.
ഇതാണോ കേരളത്തിന്റെ ദുർവിധി.

അശ്വത്ഥാമാവ് വെറും ഒരു ആനയാണൊ?

– മുല്ലപ്പള്ളി രാമചന്ദ്രൻ

 

https://www.facebook.com/MullappallyR/photos/a.1214274885401568/2103302826498765/