മുഖ്യമന്ത്രി മുണ്ടുടുത്ത സ്റ്റാലിന്‍; അവിശ്വാസപ്രമേയം കേരള മനസാക്ഷിക്കു മുന്നില്‍ വിജയിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, August 25, 2020

 

തിരുവനന്തപുരം:  സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം കേരള മനസാക്ഷിക്കു മുന്നില്‍  വിജയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും സർക്കാർ നിഷേധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ കെപിസിസി ആസ്ഥാനത്ത് നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ  അവകാശം നിഷേധിച്ചു. സ്പീക്കർ പ്രതിപക്ഷത്തിന്‍റെ വായ മൂടി കെട്ടുകയാണുണ്ടായത്. തന്‍റെ മടിയില്‍ കനമില്ലെന്ന  മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. എന്തെന്നില്ലാത്ത ഭീതിയാണ് മുഖ്യമന്ത്രിക്കുള്ളത്. വർഗീയതയുടെ വിഷം ചീറ്റുന്ന പ്രസംഗമാണ്  മുഖ്യമന്ത്രി സഭയില്‍ നടത്തിയത്. ബിജെപിക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് അദ്ദേഹം. മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി. എത്രയും വേഗം മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെച്ചൊഴിയണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

 

 

teevandi enkile ennodu para