കോടിയേരിയുടേത് ശുദ്ധവര്‍ഗീയത ; മതനിരപേക്ഷത തകര്‍ക്കുന്ന അപകടകരമായ നീക്കമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, September 18, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനായി ശുദ്ധവര്‍ഗീയത പറയുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇത് ആപല്‍ക്കരമാണ്. മതനിരപേക്ഷത തകര്‍ക്കുന്ന അപകടരമായ നീക്കമാണ് സി.പി.എം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സംശയത്തിന്‍റെ നിഴലിലാണ്. ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു.സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ കിട്ടുന്നതിന്‍റെ അങ്കലാപ്പിലാണ് കോടിയേരി പിച്ചും പേയും വിളിച്ച് പറയുന്നത്.

ജനാധിപത്യ സമരങ്ങളെ മൃഗീയമായി തല്ലിയൊതുക്കാമെന്ന് സര്‍ക്കാര്‍ കരുതണ്ട. കേരളത്തില്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും മയക്കുമരുന്നു കേസിലും സി.പി.എം നേതാക്കളുടേയും അവരുടെ മക്കളുടേയും ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് പാര്‍ട്ടി സെക്രട്ടറി വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിരിക്കുന്നത്. പരിശുദ്ധ മതഗ്രന്ഥത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്ന സി.പി.എം തന്ത്രം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.

വര്‍ഗീയ പാര്‍ട്ടികളുമായി എക്കാലത്തും സന്ധി ചെയ്ത പ്രസ്ഥാനം സി.പി.എമ്മാണ്. അവരുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം ഉണ്ടാക്കിയവരാണ് സി.പി.എം. കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതും സി.പി.എമ്മാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ടാണ് ബി.ജെ.പിക്ക് പാര്‍ട്ടി സെക്രട്ടറി അമിത പ്രാധാന്യം നല്‍കുന്നത്. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി അടിയന്തിര വാര്‍ത്താസമ്മേളനം വിളിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.