‘അന്ന് നിപ രാജകുമാരി, ഇന്ന് കൊവിഡ് റാണി പദവി നേടാന്‍ ശ്രമം’; ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, June 19, 2020

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് റാണി, നിപ രാജകുമാരി പദവികള്‍ നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. നിപ കാലത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് മന്ത്രി കോഴിക്കോട് വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ കാര്യത്തിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. പ്രവാസികളോട് മുഖ്യമന്ത്രി നന്ദികേട് കാണിച്ചു. പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്കെതിരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം തിരുവനന്തപുരത്ത് തുടരുന്നു. പ്രവാസികളോടുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുസര്‍ക്കാരുകളും പ്രവാസികളുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ്. സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യമാണ് മുഖവിലക്കെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.