ലാവലിന്‍ കേസ് വീണ്ടും മാറ്റിയത് രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, February 23, 2021

 

തിരുവനന്തപുരം :  സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് തുടരെത്തുടരെ മാറ്റിവെയ്ക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബി ഐ ഇതുവരെ സമര്‍പ്പിക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഈ കേസില്‍ സി.ബി.ഐ തുടര്‍ച്ചയായി മോദി സര്‍ക്കാരിന്റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണ്.2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ് ഇതുവരെ 23 തവണയാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്.ഇതിലൂടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് ഇപ്പോള്‍ പൊതുജനത്തിന് ബോധ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി.ബി.ഐയാണ് ഇപ്പോള്‍ വീണ്ടും നാടകീയമായി ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നിലെ സി.പി.എം ബി.ജെ.പി ധാരണ വ്യക്തമാണ്.സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് മാസങ്ങളായി താന്‍ ചൂണ്ടിക്കാട്ടിയതാണ്.സി.ബി.ഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ്. തില്ലങ്കേരി മോഡല്‍ ധാരണ സംസ്ഥാനം മുഴുവന്‍ വ്യാപിക്കാനാണ് സിപിഎം- ബിജെപി ശ്രമം.കഴിഞ്ഞ അഞ്ചു വര്‍ഷം പരിശോധിച്ചാല്‍ ബിജെപിയെ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തി കാട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.കേരളത്തില്‍ ബിജെപിക്ക് വളക്കൂറള്ള മണ്ണ് ഒരുക്കുകയായിരുന്നു സിപിഎം. ശബരിമല,എന്‍പിആര്‍ വിഷയത്തില്‍ അത് പ്രകടമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏത് ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത് വിലപ്പോകില്ല. വിശ്വാസ്യതയ്ക്ക് പേരുകേട്ട സി.ബി.ഐയെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.