ശ്രീലങ്കൻ വനിതയുടെ മൃതദേഹത്തോട് അനാദരവെന്ന് പരാതി

സൗദി അറേബ്യയിൽ നിന്ന് ആളുമാറി കോന്നിയിൽ എത്തിച്ച ശ്രീലങ്കൻ വനിതയുടെ മൃതദേഹത്തോട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാദരവ് കാട്ടിയെന്ന് പരാതി. മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ച മൃതദേഹം നടപടിക്രമങ്ങളുടെ പേരിൽ ഏറ്റെടുക്കാതിരുന്നതോടെ ഒന്നരമണിക്കൂറാണ് ആംബുലൻസ് അനാഥമായി കിടന്നത്.

സൗദിയിൽ മരിച്ച റഫീഖിന്റെ മൃതദേഹമല്ലെന്ന് ജുമാസ്ജിദിലെ കബർസ്ഥാനിൽവച്ചാണ് വീട്ടുകാർ അറിയുന്നത്. കളക്ടർ ഇടപെട്ടാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. തുടർന്ന് റഫീഖിന്റെ കുടുംബം മൃതദേഹവുമായി മോർച്ചറിക്കു മുന്നിലെത്തിയെങ്കിലും നടപടിക്രമങ്ങൾ തടസമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹങ്ങൾ മാത്രമേ മോർച്ചറിയിൽ സൂക്ഷിക്കാനാവൂ എന്ന് അധികൃതർ നിലപാടെടുത്തു.

അജ്ഞാത മൃതദേഹം എന്ത് ചെയ്യണമെന്ന അനിശ്ചിതത്വം ബന്ധുക്കളെ കുഴപ്പിച്ചു. മണിക്കൂറുകൾ മോർച്ചറി മുറ്റത്തെ ആംബുലൻസിലെ ശവപ്പെട്ടിയിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കനത്ത വെയിലിൽ ആംബുലൻസിന്റെ അകത്തെ ചൂടും കൂടിയതോടെ ദുർഗന്ധം വമിച്ചു തുടങ്ങി. ഒടുവിൽ പത്തനംതിട്ട, കോട്ടയം കളക്ടർമാർ ഇടപെട്ടതോടെ മൂന്ന് ദിവസത്തേയ്ക്ക് മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും വിദേശത്ത് നിന്ന് കൊണ്ടുവന്ന ശവപ്പെട്ടി സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു.

Comments (0)
Add Comment