സംസ്ഥാനത്ത് സ്ഥിതി രൂക്ഷം ; കൂടുതല്‍ നിയന്ത്രണങ്ങള്‍, ശനിയും ഞായറും അവശ്യ സർവീസുകള്‍ മാത്രം

Jaihind Webdesk
Wednesday, April 21, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി കൂടുന്ന അവസ്ഥയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിയന്ത്രണത്തിന്‍റെ ഭാഗമായി ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ശനിയാഴ്ചകളില്‍ സർക്കാർ ഓഫീസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടത്താനും നിര്‍ദേശം വന്നിട്ടുണ്ട്.

സർക്കാർ ഓഫിസുകളിൽ ഒരു ദിവസം പകുതി ജീവനക്കാർ മാത്രം, സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും, ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ അനുവദിക്കൂ, 24ാം തീയതി ശനിയാഴ്ച എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും, വേനൽക്കാല ക്യാംപുകൾ നടത്താൻ കഴിയില്ല അതേസമയം വിവാഹം, പാലുകാച്ചൽ തുടങ്ങിയ ആഘോഷ പരിപാടികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് തടസമില്ല, ഹോസ്റ്റലുകളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.

സംസ്ഥാനത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ വർധിപ്പിക്കും. കൊവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല കമ്മിറ്റികൾക്ക് ചുമതല. വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്‌സിനേഷന്‍ നടത്താനും തീരുമാനമായി. അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാക്സിൻ വിതരണ ക്യാമ്പുകൾ സംഘടിപ്പിക്കും. എന്നും വൈകിട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക കൊവിഡ് അവലോകന യോഗങ്ങളുമുണ്ടാവും.