പൊലീസിലെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ | Video Story

B.S. Shiju
Sunday, February 23, 2020

പോലീസിലെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സിംസ് പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിക്കെന്ന വിവരം മുഖ്യന്തി നിയമസഭയിൽ ബോധപൂർവം മറച്ചുവെച്ചു. ചോദ്യങ്ങൾക്ക് വിവരം ശേഖരിച്ചു വരുന്നുവെന്നാണ് എം വിൻസെന്‍റിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. കെൽട്രോൺ ഗാലക്സോണിന് ഉപകരാർ നൽകിയതിനെ കുറിച്ച് ഒരു പരാമർശവും മറുപടിയിലില്ല. രേഖകൾ ജയ്ഹിന്ദ് ന്യൂസിന്.

പോലീസിന്‍റെ സുരക്ഷാ പദ്ധതിയായ സിംസിൽ ഗാലക്സോണിന്‍റെ പങ്കാളിത്തം ബോധപൂർവം മറച്ചുവെച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നിയസഭയിൽ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ഗാലക്സോണിന്കരാർ നൽകിയിരുന്നു. എന്നാൽ മുഖ്യ മന്ത്രി ഇക്കാര്യം നിയമസഭയിൽ വെളിപ്പെടുത്തിയില്ല.
ഒരു ചോദ്യത്തിനും ക്യത്യമായ മറുപടി നൽകാതെ വസ്തുകൾ മുഖ്യമന്ത്രി മറച്ചുവെച്ചു. പോലീസിന്‍റെ അതീവ സുരക്ഷാ മേഖലയില്‍ സ്വകാര്യ കമ്പനിക്ക് സ്ഥാനം കൊടുത്തത് വലിയ സുരക്ഷാ വീഴ്ചയാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഗൂഢ നീക്കം.

സംസ്ഥാന പോലീസുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതികളുടെ നടത്തിപ്പ് ഗാലക്‌സോൺ എന്ന കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്നായിരുന്നു 2019 നവംബര്‍ 18ന് എം വിന്‍സെന്‍റ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവർ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്. ‘വിവരം ശേഖരിച്ചുവരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിംസ് പദ്ധതിയെക്കുറിച്ച് വിശദമാക്കാന്‍ റോജി എം ജോണ്‍ എം.എല്‍.എ സഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ ‘2019 ഒക്ടോബർ മുതല്‍ പോലീസ് ആസ്ഥാനത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിനോ പോലീസ് വകുപ്പിനോ യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകാതെ കെല്‍ട്രോണാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. എന്നാല്‍ ഈ മറുപടികളിൾ ഗാലക്‌സോണ്‍ എന്ന സ്വകാര്യ കമ്പനിയെക്കുറിച്ച് പരമാര്‍ശമില്ല. മുഖ്യമന്ത്രി യുടെ അറിവോടെയാണ് സി.എ.ജി റിപ്പോർട്ടിലൂടെ പുറത്തു വന്ന പോലീസ് തലപ്പത്തെ അഴിമതികളെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിയസഭയിലെ മറുപടികൾ.

https://www.youtube.com/watch?v=2sC1U41qQD8