മോൻസന്‍റെ ഉന്നത പൊലീസ് ബന്ധങ്ങൾ പ്രവാസി വനിത വഴി; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

Jaihind Webdesk
Wednesday, September 29, 2021

 

പുരാവസ്തു ശേഖരമെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൺസൺ മാവുങ്കലിന്‍റെ ഉന്നത ബന്ധങ്ങൾ പ്രവാസി വനിതാ വഴിയെന്ന് സൂചന. റോമിൽ താമസിക്കുന്ന തൃശൂർ സ്വദേശിനിയാണ് പല ഉന്നത വ്യക്തികളുമായും മോൺസണ് അടുത്ത ബന്ധം സൃഷ്ടിച്ച് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ലോക കേരള സഭയിലും അസന്‍റ് കേരള നിക്ഷേപ സംഗമത്തിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇറ്റാലിയൻ പൗരത്വമുള്ള സ്ത്രീയുമായുള്ള സൗഹൃദത്തിന്‍റെ മറവിലാണ് മോൻസണ്‍ മാവുങ്കൽ ഡിജിപി അടക്കമുള്ള ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നാൽ പിന്നീട് 2020 അവസാനത്തോടെ ഇരുവരും തമ്മിൽ തെറ്റി. ഇതിന് ശേഷമാണ് മോൺസണ്‍ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹറ ഉത്തരവിടുന്നത്. എന്നാൽ നേരത്തെ തന്നെ എഡിജിപി മനോജ് ഏബ്രഹാം ഇയാൾക്കെതിരെ അന്വേഷണം നടത്താൻ ലോക്നാഥ് ബെഹറയോട് ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. മനോജ് ഏബ്രഹാം കൊച്ചിയിലെ മ്യൂസിയം ബെഹറക്കൊപ്പം സന്ദർശിച്ചതിന് ശേഷം ചില ചോദ്യങ്ങൾ മോൻസണോട് ചോദിച്ചിരുന്നു. എന്നാൽ ഒന്നിനും മോൺസണ് ഉത്തരമുണ്ടായിരുന്നില്ല. ഇത് കൂടുതൽ സംശയത്തിനിടയാക്കി. 2019 മേയില്‍ മനോജ് എബ്രഹാം ഇഡിക്ക് നൽകാനുള്ള കത്ത് തയാറാക്കി ഡിജിപിക്ക് കൈമാറിയിരുന്നുവെങ്കിലും ഈ കത്ത് ഇഡിക്ക് ലഭിച്ചോ എന്നതിലും സംശയമുണ്ട്.

മോൺസന്‍റെ സുഹൃത്തായിരുന്ന സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പികെ ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹറക്കൊപ്പം ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രങ്ങളും അടുത്ത ബന്ധം തോന്നിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും അവരുടെ ഫേസ്ബുക്ക് പേജിൽ ഉണ്ട്. നേരത്തെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന്‍റെ ക്ഷീണം മാറും മുമ്പേ മറ്റൊരു തട്ടിപ്പ് കേസിലെ പ്രതി മോൺസന്‍റെ പൊലീസ് ബന്ധങ്ങൾക്ക് വഴിയൊരുക്കിയ വനിതയെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കും ചങ്കിടിപ്പ് കൂടുമെന്ന കാര്യം ഉറപ്പാണ്.