മാധ്യമങ്ങളെ പേടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമില്ല; മോദിയുടെ ചോദ്യപ്പേടിയെ തുറന്നുകാട്ടി ഗാര്‍ഡിയന്‍

Jaihind Webdesk
Sunday, January 6, 2019

ന്യൂദല്‍ഹി: 2014 ല്‍ അധികാരത്തിലേറിയിട്ട് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു അഭിമുഖം നല്‍കിയ മോദിക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനം. എ.എന്‍.ഐക്ക് എഴുതിത്തയാറാക്കിയ ഒരു അഭിമുഖം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കി അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍. ‘രചിച്ചുണ്ടാക്കിയ അഭിമുഖത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പരിഹസിക്കപ്പെടുന്നു’ എന്ന തലക്കെട്ടോടെയാണ് ഗാര്‍ഡിയന്‍ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

‘കടുപ്പമേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാത്ത മോദിക്ക് മാധ്യമങ്ങളെ പേടിയാണെന്ന് ആരോപിക്കപ്പെടുന്നു’ എന്ന വാചകത്തോടെയാണ് ലേഖനത്തിന്റെ തുടക്കം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖം തിരക്കഥ രചിച്ചതാണെന്ന മാധ്യമപ്രവര്‍ത്തകരുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും വിമര്‍ശനങ്ങളും എടുത്തുകാട്ടുന്നു.

2014ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ മോദി മാധ്യമങ്ങളെ ഭയപ്പെടുകയാണെന്ന ആരോപണവും ഗാര്‍ഡിയന്‍ അതേപടി പകര്‍ത്തുന്നുണ്ട്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഒരു വാര്‍ത്താസമ്മേളനം പോലും വിളിക്കാത്തതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ‘മോദിക്ക് നിങ്ങള്‍ മാധ്യമങ്ങുടെ മുമ്പില്‍ വന്ന് ചോദ്യങ്ങളെ നേരിടാനുളള ധൈര്യമില്ല,’ എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വാക്കുകളും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളെ കാണാത്തതില്‍ മോദിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം അവസാനം ഒരു അഭിമുഖം നല്‍കാന്‍ നിര്‍ബന്ധിതനായത്. ‘മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് പരിഹസിക്കപ്പെട്ട മന്‍മോഹന്‍ സിങ് പോലും നിരന്തരം മാധ്യമങ്ങളെ കാണാറുണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് മാധ്യമങ്ങളെ പേടിയില്ലെന്നും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ മാധ്യമങ്ങളിലൂടെ വ്യക്തമാക്കാറുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ട്. വിദേശയാത്രകളിലും മന്‍മോഹന്‍ സിങ് മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടുമായിരുന്നു. ഒരേ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി തിരക്കഥയില്ലാത്ത സംഭാഷണം നടത്താറുണ്ടായിരുന്നത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്നു,’ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മോദി മാധ്യമപ്രവര്‍ത്തകരെ കൂടാതെയാണ് വിദേശയാത്രകള്‍ നടത്താറുളളത്. ചോദ്യം ചെയ്യപ്പെടാന്‍ തയ്യാറാവാത്ത ഭരണാധികാരിയെ ജനാധിപത്യത്തിലെ ന്യൂനത ആയാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

മോദി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിനെതിരെ നേരത്തേ പരിഹാസം ഉയര്‍ന്നിരുന്നു. മോദിയോട് മാധ്യമപ്രവര്‍ത്തക ചോദിക്കാതെ പോയ 10 ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തി. മോദി ഉത്തരം തയ്യാറാക്കി നല്‍കിയപ്പോള്‍ അതിന് അനുസരിച്ച് ചോദ്യം തയ്യാറാക്കി മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശ് ചോദിച്ചുവെന്നാണ് ആക്ഷേപം. മോദിയുടെ പല ഉത്തരങ്ങളേയും ഖണ്ഡിക്കാനുളള ചോദ്യങ്ങളുണ്ടായിരുന്നിട്ടും മാധ്യമപ്രവര്‍ത്തക ചോദിക്കാതിരുന്നത്.

മോദി തന്നെ ചോദ്യം ചോദിച്ച് മോദി തന്നെ ഉത്തരം പറയുകയായിരുന്നുവെന്ന് പലരും പരിഹസിച്ചു. അല്ലെങ്കില്‍ എഎന്‍ഐ രക്ഷാപ്രവര്‍ത്തനത്തിന് മുതിരുകയായിരുന്നുവെന്നും അഭിപ്രായം ഉയര്‍ന്നു. ശബരിമല വിഷയവും മുത്തലാഖും രണ്ടും രണ്ടാണെന്ന് പറഞ്ഞ മോദിയോട് ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലേയും ഹാജി അലി ദര്‍ഗയിലേയും സ്ത്രീ പ്രവേശനങ്ങളെ കുറിച്ചുളള ചോദ്യം ഉയര്‍ത്താത്തതും.

ശബരിമല വിഷയം മുതല്‍ രാമക്ഷേത്രം വരെ അഭിമുഖത്തില്‍ പരാമര്‍ശിച്ചെങ്കിലും ഇതൊക്കെ മുമ്പ് മോദി വാതോരാതെ പ്രസംഗിച്ച പ്രസംഗങ്ങളിലെ വാക്കുകള്‍ മാത്രമാണെന്നാണ് ആക്ഷേപം. ആത്മപ്രശംസ മാത്രമാണ് മോദി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അഭിമുഖത്തിന് താരതമ്യേന നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചത്. അതേസമയം, മോദിയെ പുകഴ്ത്തിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വിഷയങ്ങളും ഒരൊറ്റ അഭിമുഖത്തിലൂടെ പറഞ്ഞെന്നാണ് ഇവരുടെ വാദം. അതേസമയം, പ്രതിച്ഛായ നന്നാക്കാന്‍ അവസാനം മോദി അഭിമുഖത്തിന് നിര്‍ബന്ധിക്കപ്പെട്ടു.