മോദിക്കും ബി.ജെ.പിക്കും അടിപതറുന്നു

Friday, September 14, 2018

ലോക്സഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ അഴിമതി ആരോപണവും കത്തുന്ന ഇന്ധനവിലയും കോര്‍പറേറ്റ് ഭീമന്മാരുമായുള്ള അവിശുദ്ധബന്ധങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും മോദിക്കും വാട്ടര്‍ലൂ ആയി മാറുമെന്നാണ് സൂചന.

സമീപകാലത്ത് ഉയര്‍ന്നുവന്ന റഫേല്‍ അഴിമതി ആരോപണവും നോട്ട് നിരോധനത്തിന്‍റെ അനന്തരഫലവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ഇന്ധനവിലയ്ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നരേന്ദ്ര മോദിയും ബി.ജെ.പി നേതൃത്വവും. അഴിമതിക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ ശക്തമായ പ്രചരണവും പ്രവര്‍ത്തനങ്ങളും  കേന്ദ്രഭരണകൂടത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ദിവസവും റഫേല്‍ അഴിമതിയുടെ പുതിയ വെളിപ്പെടുത്തലുകളും ബിജെപിക്ക് ചെറിയ പ്രതിസന്ധിയല്ല സമ്മാനിച്ചിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാനായി ആരോപണത്തിന്‍റെ കുന്തമുന കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നേരെ ബിജെപി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആയി മാറുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതിന്‍റെ പ്രതിഫലനം വ്യക്തമാകുമെന്നാണ് അഭിപ്രായസര്‍വേകള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ആകര്‍ഷകമായ ഒരു മുദ്രാവാക്യംപോലും നടപ്പാക്കാന്‍ മോദിക്കും ബിജെപി നേതൃത്വത്തിനും കഴിഞ്ഞില്ല എന്നതും പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്ന ഘടകങ്ങളാണ്. അഛേ ദിന്‍ എന്ന മുദ്രാവാക്യത്തിന്‍റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ അജയ്യ ഭാരതം എന്ന മുദ്രാവാക്യമാണ് പകരം വെക്കുന്നതെങ്കിലും അതെല്ലാം പച്ചതൊടില്ല എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ മതം. ഇന്ത്യന്‍ ജനതയെ ഒന്നായി കാണാതെ മതദ്രുവീകരണത്തിലൂടെ ഭിന്നിപ്പിക്കുന്ന സമീപനമായിരുന്നു മോദി ഭരണത്തില്‍ ഇതുവരെ ഉണ്ടായതെന്ന് ജീവിക്കുന്ന അനുഭങ്ങള്‍ ജനതയുടെ മുമ്പാകെയുണ്ട്.

ബീഫ് നിരോധനവും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും പ്രത്യേകിച്ച്, ന്യൂനപക്ഷവിഭാഗങ്ങളുടെ ഇടയില്‍ അശാന്തി പരത്തിയിരിക്കുന്ന സാഹചര്യത്തില്‍ അജയ്യഭാരതം എന്ന പുതിയ മുദ്രാവാക്യം ക്ലച്ച് പിടിക്കില്ല എന്നുതന്നെയാണ് പാര്‍ട്ടിക്കുള്ളിലെ സൈദ്ധാന്തികപക്ഷത്തിന്‍റെ നിഗമനം. മൊത്തത്തില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷിക്കുന്ന ദിവസങ്ങള്‍ ആശാവഹമല്ലെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം നല്‍കുന്ന സൂചന.

കോര്‍പറേറ്റ് ലോബിയിംഗിലൂടെ മാധ്യമങ്ങളെ ഒരു പരിധിവരെ അനുകൂലമാക്കാന്‍മോദിക്ക് സാധിച്ചിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിന് എതിരെയും മോദിക്ക് നേരെയും ഉയരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ മോദിയും അമിത്ഷായും കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ എങ്ങനെ വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്ന ചിന്തയിലാണ് ബി.ജെ.പി നേതൃത്വം.

രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ മോദിയെയും ബി.ജെ.പി നേതൃത്വത്തെയും പിടിച്ചുലയ്ക്കുന്ന കാഴ്ചകളാണ് ഓരോദിവസവും അരങ്ങേറുന്നത്. ലോക്സഭാതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതികൂലമായി ബി.ജെ.പിയെ ബാധിക്കുമെന്ന് തന്നെയാണ് ദേശീയരാഷ്ട്രീയം നല്‍കുന്ന സൂചന.