സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചു; ജങ്ക് ഫുഡിനും നിരോധനം

Jaihind News Bureau
Tuesday, November 5, 2019

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചു. കുട്ടികൾ സ്കൂളിൽ മൊബൈൽ കൊണ്ടു പോകാനോ അധ്യാപകർ ജോലി സമയത്ത് മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. രാജ്യത്താകമാനം സ്കൂളുകളിൽ ജങ്ക് ഫുഡിന് കേന്ദ്ര സർക്കാരും നിരോധനം ഏർപ്പെടുത്തി.

സ്കൂൾ സമയത്ത് അദ്ധ്യാപകളും വിദ്യാർത്ഥികളും സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് കർശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. അധ്യയന സമയത്ത് അധ്യാപകർ വാട്സ് ആപ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് പൊതു വിദ്യാഭാസ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

വിദ്യാർഥികൾ സ്കൂളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലർ നിർദേശിക്കുന്നു. വിദ്യാർഥികൾ സ്കൂളുകളിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സർക്കുലർ പുറത്തിറക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

ഉത്തരവ് കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നേരത്തേ 2005 ജൂൺ 24നാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനി മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിരീക്ഷണമുണ്ടാവും.

രാജ്യത്താകമാനമുള്ള സ്കൂളുകളിൽ ജങ്ക് ഫുഡിനും നിരോധനം ഏർപടുത്തി.സ്കൂളിന്‍റെ അൻപത് മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് വിൽക്കാൻ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചു. കോള, ചിപ്സ്, ബര്‍ഗര്‍, പീസ, ഗുലാബ് ജാമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവയ്ക്കാണ് വിലക്ക്. അടുത്ത മാസം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കായികമേളകളില്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യം അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.