കേരളത്തില്‍ കൊവിഡ് ഉയരുന്നത് മികച്ച സംവിധാനം ഉള്ളതിനാല്‍ ; വിചിത്ര വാദവുമായി എം.എം മണി

Jaihind Webdesk
Saturday, August 28, 2021

 

തിരുവനന്തപുരം : കൊവിഡ് കണക്കുകള്‍ കേരളത്തില്‍ മാത്രം കുതിച്ചുയരുന്നത് മികച്ച സംവിധാനം ഉള്ളതുകൊണ്ടാണെന്ന വിചിത്രവാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ  പ്രവര്‍ത്തനം തൃപ്തികരമാണെന്നും അദ്ദേഹം ന്യായീകരിച്ചു. രോഗികളുടെ എണ്ണം ഉയരുമ്പോഴും കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതും ശാസ്ത്രീയവുമാണെന്ന് വാദിച്ച് ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

അതിനിടെ നീണ്ട ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സർക്കാരിന്‍റെ രണ്ടാം വാർഷികദിനത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല.

രാജ്യത്തെ തന്നെ കേസുകളില്‍ ഏറെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണുയർന്നത്. കൊവിഡ് കണക്കുകള്‍ കുറയുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും കണക്കുകള്‍ വര്‍ധിക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം.