എസ് രാജേന്ദ്രനെതിരെ എംഎം മണി : പാർട്ടിയില്‍ നിന്ന് പുറത്താക്കും

Jaihind Webdesk
Tuesday, December 14, 2021

ഇടുക്കി : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുമെന്ന് എംഎം മണി എംഎൽഎ. രാജേന്ദ്രൻ തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ചയാളാണെന്നും അദ്ദേഹം പരിഹസിച്ചു. മറയൂർ ഏരിയ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് എംഎം മണിയുടെ പരാമർശം

രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? മൂന്നു തവണ പാർട്ടി എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇത്രയുമാക്കിയ പാർട്ടിക്ക് ഒന്നും പൊറുക്കാനാകില്ല. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാൻ കഴിയില്ല. രാജേന്ദ്രൻ വേറെ പാർട്ടി നോക്കിക്കോളണമെന്നും മണി പറഞ്ഞു.

മര്യാദക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുമ്പോട്ടുപോകാം. സമ്മേളനത്തിനുള്ളിലും വിവരങ്ങൾ ചോർത്തുന്നവരുണ്ട്, അത് നിർത്തിക്കൊള്ളണം. പാർട്ടിയുടെ ഭാഗമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും എംഎം മണി രാജേന്ദ്രനെതിരെ പാർട്ടി സമ്മേളനത്തിൽ വിമർശനമുന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. താൻ പൂർണമായും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്ന ആളാണെന്നും അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിനെതിരെ നടപടി ഉറപ്പാണെന്ന് വ്യക്തമാക്കുന്നതാണ് എംഎം മണിയുടെ ഇന്നത്തെ പ്രസംഗം.