കാനം പാര്‍ട്ടിയുടെ സെക്രട്ടറിയോ അതോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയോ: എം.എം.ഹസ്സന്‍

കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് എറണാകുളത്ത് സി.പി.ഐ. എം.എല്‍,എ.യെയും, സി.പി.ഐ നേതാക്കളെയും തല്ലിച്ചതച്ചതോടെ എല്ലാ ജനകീയപ്രക്ഷോഭങ്ങളെയും മര്‍ദ്ദിച്ചൊതുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബോധ്യപ്പെട്ടെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍. പോലീസിനെ കയറൂരിവിടുകയും, മര്‍ദ്ദകവീരന്മാരായ പോലീസുകാരെ സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തെയും, ഭരണപക്ഷത്തുള്ള മാര്‍ക്‌സിസ്റ്റ് ഇതര പാര്‍ട്ടികളെയും അടിച്ചൊതുക്കുന്ന ആഭ്യന്തരമന്ത്രിയായിത്തീര്‍ന്നിരിക്കുന്നു. ഇടുക്കിയിലും, എറണാകുളത്തും സി.പി.ഐ.ക്കാരെ ഓടിച്ചിട്ട് തല്ലിചതയ്ക്കുമ്പോഴും മുഖ്യമന്ത്രിയോട് അടിമത്തവും, വിധേയത്വവും കാണിക്കുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാണോ പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയാണോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ഹസ്സന്‍ പറഞ്ഞു.

സി.പി.ഐ.ക്കാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചപ്പോള്‍ സി.പി.എമ്മിനെതിരെ ഉഗ്രഗര്‍ജനം നടത്തിയ വെളിയം ഭാര്‍ഗവനേയും സി.കെ.ചന്ദ്രപ്പനേയുമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുന്നത്. പോലീസിന്റെയും, സി.പി.എം. പ്രവര്‍ത്തകരുടെയും അക്രമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ കാനം രാജേന്ദ്രനും സി.പി.ഐ.യും പ്രതിപക്ഷത്തോടൊപ്പം അണിനിരക്കേണ്ട സാഹചര്യമാണിന്ന്. ഇടുക്കിയിലെ കസ്റ്റഡിമരണത്തിന്റെ പേരില്‍ മുന്‍ ഇടുക്കി എസ്.പി.യെയും, ഞാറയ്ക്കലിലെ സി.ഐ.യെയും സസ്‌പെന്റ് ചെയ്യണമെന്ന സി.പി.ഐ. യുടെ ആവശ്യത്തോട് കോണ്‍ഗ്രസിന് പൂര്‍ണ യോജിപ്പാണുള്ളത്. അതിനാല്‍ യോജിച്ച സമരത്തിന് സി.പി.ഐ. തയ്യാറാവണമെന്നും ഹസ്സന്‍ ആവശ്യപ്പെടുന്നു.

Comments (0)
Add Comment