ആന്റണിക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹം: എം.എം.ഹസ്സന്‍

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായ എ.കെ.ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തെ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ സ്വാഗതം ചെയ്തു.
ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ അസൂയയും മോഹഭംഗവും ഉള്ള ചിലര്‍ പാര്‍ട്ടിയിലെ സൈബര്‍ പോരാളികളെ ഉപയോഗിച്ച് നടത്തിയ ആക്രമണമാണെന്ന് തനിക്ക് സംശയമുള്ളതായി ഹസ്സന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ആന്റണിയുടെ തലയില്‍ കെട്ടി വച്ച് അദ്ദേഹത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. എ.കെ.ആന്റണിയെ വെറുക്കാന്‍ അവസരം കാത്തിരുന്നവരുടെ ആക്രമണത്തില്‍ തകര്‍ന്നു പോകുന്നത് അല്ല ആന്റണിയുടെ പ്രതിച്ഛായ എന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്നായിട്ടറിയാം. ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഇതുപോലുള്ള ആക്രമണം ഉണ്ടായപ്പോള്‍ ഐ.റ്റി വിദഗ്ധന്മാരുടെ സഹായത്തോടെ അന്വേഷണം നടത്തി താന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുള്ള കാര്യം ഹസ്സന്‍ ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ഐ.റ്റി വിദഗ്ധരുടെ സഹായത്തോടെ വിശദമായ ഒരു അന്വേഷണം നടത്തി എത്രയും വേഗം നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് തയ്യാറാകണമെന്ന് ഹസ്സന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment