മുനീറിന് സർക്കാര്‍ നല്‍കിയത് കൈത്താങ്ങ്; സി.പി.എം നേതാക്കള്‍ക്ക് ചട്ടവിരുദ്ധമായി ലഭിച്ചത് ദുരിതാശ്വാസ ഫണ്ടിലെ പണം

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം കൊലപാതകക്കേസുകളില്‍ പ്രതിയായ സഖാക്കളെ രക്ഷിക്കുന്നതിന് ഉള്‍പ്പെടെ ചെലവഴിച്ചെന്ന കെ.എം ഷാജി എം.എല്‍.എയുടെ ആരോപണത്തിന് മുന്നില്‍ അടിപതറി സി.പി.എം.ഇടത് അനുഭാവികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വഴിവിട്ട് സാമ്പത്തിക സഹായം നല്‍കിയതായി കെ.എം ഷാജി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സി.പി.എം  എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ വായ്പാ കുടിശികയുടെ തിരിച്ചടവിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് തുക അനുവദിച്ചത്.

കെ.കെ.രാമചന്ദ്രൻ നായർ നിയമസഭയിൽനിന്നും വിവിധ ബാങ്കുകളിൽനിന്നും എടുത്ത വായ്പയുടെ കുടിശികയായ 8,66,697 രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ഫെബ്രുവരിയിൽ ഡെപ്യൂട്ടി കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. തുടർന്നു പണം അനുവദിക്കുകയും ചെയ്തു. ഇക്കാര്യമാണ് കെ.എം ഷാജി എം.എല്‍.എ പരോക്ഷമായി ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെയാണ് പ്രതിപക്ഷ ഉപനേതാവ് ഡോ. കെ.എം മുനീർ പഠിച്ചതും മുനീറിന്‍റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയ്ക്കും കുടുംബത്തിനും ആനുകൂല്യങ്ങള്‍ നല്‍കിയത് ജനങ്ങളുടെ പണം കൊണ്ടാണെന്ന കുപ്രചരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തിയത്. സി.എച്ചിന്‍റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കിയത് മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ്.പൊതുപ്രവർത്തനത്തില്‍ യാതൊന്നും സമ്പാദിക്കാതെ ഉള്ള സമ്പാദ്യം കൂടി ജനങ്ങള്‍ക്കായി മാറ്റിവെച്ചാണ് സി.എച്ച് വിടവാങ്ങിയത്. ഈ സാഹചര്യത്തിലാണ് സി.എച്ചിന്‍റെ കുടുംബത്തിന് സഹായഹസ്തം നല്‍കാന്‍ സർക്കാർ തീരുമാനിച്ചത്. പക്ഷേ രാമചന്ദ്രന്‍ നായരുടെ വായാപാകുടിശികയും കടബാധ്യതയും തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് പണം നല്‍കിയത്. ഇത് വകമാറ്റി ചെലവഴിക്കുന്നതിന് തുല്യമാണ്. സർക്കാർ തന്നെയാണ് ഇത് രേഖാമൂലം നിയമസഭയില്‍ അറിയിച്ചത്.

പ്രളയകാലത്ത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സ്വരൂപിച്ച തുകയില്‍ നിന്നുള്ള ഒരു ശതമാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കയ്യയച്ച് സഹായിച്ചത്. സഹജീവികളുടെ ക്ഷേമത്തിനും കേരളപുനർനിർമാണത്തിനുമായാണ് ഈ തുക നല്‍കിയത്. എന്നാല്‍ ചട്ടവിരുദ്ധമായി സി.പി.എം എം.എല്‍.എയുടെയും ഇടത് സഹയാത്രികരുടെയും കടബാധ്യത തീർക്കാനാണ് ഈ തുക വിനിയോഗിച്ചത്. ഒപ്പംതന്നെ പ്രളയ ദുരിതാശ്വാസ ഫണ്ട് സി.പി.എം നേതാക്കളുടെ ഭാര്യമാരുടെ അക്കൌണ്ടിലേക്ക് പോയതും റഹീം സൌകര്യപൂര്‍വം വിസ്മരിക്കുന്നു.

കെ.എം ഷാജി എം.എല്‍.എയുടെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. എന്നാല്‍ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതും നേരത്തെ വിവാദമായിരുന്നു.

 

Comments (0)
Add Comment